വനിതാ സംരഭകര്‍ക്ക് അവസരവുമായി സര്‍ക്കാര്‍ ഇ – വിപണി

Posted on: January 16, 2019

ന്യൂഡല്‍ഹി : വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള ഗവണ്‍മെന്റ് ഇ- മാര്‍ക്കറ്റ് പ്ലേസ് (ജെം) വനിതാ സംരഭകരെയും സ്വയം സഹായ സംഘങ്ങളെയും സഹായിക്കുന്നതിനുള്ള പുതിയ സംരംഭം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ യൂണിറ്റുകള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നിനായുള്ള പ്ലാറ്റ്‌ഫോമാണ് ജെം. ഇതിലൂടെ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള അവസരമാണ് വനിതാ സംരഭകര്‍ക്ക് നല്‍കുന്നത്.

വുമാനി ഓണ്‍ ജെം എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ലിംഗ വിവേചനമില്ലാത്ത സാമ്പത്തിക വളര്‍ച്ചയ്ക്കും സഹായകമാണെന്ന് വാണിജ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കരകൗശല വസ്തുക്കള്‍, കൈത്തറി ഉത്പന്നങ്ങള്‍, ചണ-കയര്‍ ഉത്പന്നങ്ങള്‍, ഓഫീസ് ഫര്‍ണീച്ചറുകള്‍ എന്നിവ വിതരണക്കാരുടെ ഇടനിലയില്ലാതെ നേരിട്ട് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം വില്ക്കാന്‍ വനിതാ സംരഭകരെയും സ്വയം സഹായസംഘങ്ങളെയും ഈ പദ്ധതി സഹായിക്കും.

വുമാനിയക്കായി ജെം ഫോമില്‍ പ്രത്യേക ഹോം പേജ് ഉണ്ടായിരിക്കും. ഇതുവരെ വില്പനക്കാരും സേവനദാതാക്കളുമായി 1,80,862 പോരാണ് ജെം പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 7,31,431 ഉത്പന്നങ്ങളെയും സേവനങ്ങളെയുമാണ്‌ വില്പനയ്ക്ക് വെച്ചിട്ടുള്ളത്.