കയറ്റുമതിയില്‍ നേരിയ വര്‍ധന

Posted on: January 16, 2019

മുംബൈ : ഡിസംബറില്‍ രാജ്യത്തു നിന്നുള്ള കയറ്റുമതി 0.34 ശതമാനത്തിന്റെ നേരിയ പുരോഗതി രേഖപ്പെടുത്തി. 2,793 കോടി ഡോളറാണ് ഡിസംബറിലെ കയറ്റുമതി. അതേസമയം ഇറക്കുമതി 2.44 ശതമാനം ഇടിഞ്ഞ് 4,100 കോടി ഡോളറിലെത്തി. ഇതോടെ വ്യാപാരക്കമ്മി 1,308 കോടി ഡോളറായി. 2017 ഡിസംബറില്‍ വ്യാപാരക്കമ്മി 1420 കോടി ഡോളറായിരുന്നു.

സ്വര്‍ണ ഇറക്കുമതി 24.33 ശതമാനം ഇടിഞ്ഞ് 256 കോടി ഡോളറായതാണ് മൊത്തം ഇറക്കുമതിയില്‍ പ്രതിഫലിച്ചത്. സ്വര്‍ണ ഇറക്കുമതി മുന്‍ വര്‍ഷം ഡിസംബറില്‍ 339 കോടി ഡോളറായിരുന്നു. അതിനിടെ എന്‍ജിനീയറിംഗ് സാമഗ്രികള്‍, ജെംസ് ആന്‍ഡ് ജുവലറി എന്നീ മേഖലകളിലെ കയറ്റുമതിയില്‍ ഇടിവുണ്ടായി.

2048 ഏപ്രില്‍ – ഡിസംബര്‍ കാലയളവില്‍ കയറ്റുമതി 10.18 ശതമാനം വര്‍ധിച്ച് 24,544 കോടി ഡോളറായി. ഇറക്കുമതി 12.61 ശതമാനം ഉയര്‍ന്ന് 38,665 കോടി ഡോളറിലെത്തി. ഇതോടെ വ്യാപാരക്കമ്മി 14,120 കോടി ഡോളറായി ഉയര്‍ന്നു.