പ്രവാസി ഭാരതീയ ദിവസ് വാരണാസിയില്‍

Posted on: January 10, 2019

തിരുവനന്തപുരം : ലോകമെമ്പാടും ചിതറിക്കിടക്കുന്ന ഇന്ത്യക്കാരുടെ ദ്വൈവാര്‍ഷിക മഹാസംഗമമായ പ്രവാസി ഭാരതീയ ദിവസ് ജനുവരി 21 മുതല്‍ 23 വരെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടക്കും. പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ കൂടിച്ചേരല്‍ ഉത്തര്‍പ്രദേശിന്റെ വിശ്വപ്രസിദ്ധ സാംസ്‌കാരികോത്‌സവമായ  കുംഭമേളയുമായി സമന്വയിപ്പിച്ചാണ് സംഘടിപ്പിക്കുന്നതെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണെന്നും ഉത്തര്‍പ്രദേശ് കായിക യുവജനക്ഷേമ മന്ത്രി ഡോ. നീല്‍കണ്ഠ് തിവാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസി ദിവസ് ഉദ്ഘാടനം ചെയ്യും. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരുടെ പങ്ക് എന്നതായിരിക്കും ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസിന്റെ മുഖ്യപ്രമേയം. ജനുവരി 21ന് രാവിലെ യുവ പ്രവാസി ഭാരതീയ ദിവസും തുടര്‍ന്ന് ഉത്തര്‍പ്രദേശ് പ്രവാസി ഭാരതീയ ദിവസും നടക്കും. നോര്‍വെ പാര്‍ലമെന്റംഗം ഹിമാന്‍ഷു ഗുലാത്തി, ന്യൂസീലാന്‍ഡ് പാര്‍ലമെന്റംഗം കന്‍വാല്‍ജിത് സിംഗ് ബക്ഷി എന്നിവര്‍ വിശിഷ്ടാതിഥികളാകും.

പ്രധാനമന്ത്രി നരേന്ദ്രമോദി 22ന് രാവിലെ 10 മണിക്ക് 15-ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യും. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്‌നൗത്ത മുഖ്യാതിഥിയായിരിക്കും. കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്, സഹമന്ത്രി വി കെ സിംഗ്, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. 23ന് സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും.

സമാപന ചടങ്ങില്‍ പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്യും. പുരസ്‌കാര നിര്‍ണയ സമിതിയിലേക്ക് മലയാളി വ്യവസായി എം എ യൂസഫലിയും അംഗമാണ്. സമ്മേളനത്തിന്റെ തുടര്‍ച്ചയായി 24ന് പ്രതിനിധികള്‍  പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കും. വാരണാസിയില്‍ നിന്ന് പ്രയാഗ് രാജില്‍ പ്രത്യേക ബസുകളില്‍ എത്തുന്ന പ്രതിനിധികള്‍ക്ക് ത്രിവേണീ സംഗമത്തില്‍ സ്നാനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

കുംഭമേളക്ക് ശേഷം പ്രയാഗ് രാജില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ പ്രതിനിധികളെ ഡല്‍ഹിയിലെത്തിക്കും. 26ന് റിപബ്ലിക് ദിനപരേഡില്‍ പങ്കെടുക്കാന്‍ പ്രതിനിധികള്‍ക്ക് പ്രത്യേക പാസ് നല്‍കും. പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാനെത്തുന്ന പ്രവാസികളെ ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്ക്
കൊണ്ടു പോകാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. സമ്മേളനത്തിനായി പ്രത്യേക പ്രവാസി ഗ്രാമം തന്നെ യു പി സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.