ആറുകോടിയുടെ നേട്ടവുമായി പ്രധാന്‍ മന്ത്രി ഉജ്ജ്വലയോജന

Posted on: January 4, 2019

ന്യൂഡല്‍ഹി : പ്രധാനമന്ത്രി ഉജ്ജ്വലയോജന ആറുകോടി കടന്നു. പി എം യു വൈ പദ്ധതി പ്രകാരമുള്ള പാചക വാതക കണക്ഷന്റെ ആറാമത്തെ കോടിയുടെ ഗുണഭോക്താവ് ഡല്‍ഹി, ഖാന്‍പൂര്‍ ശിവപാര്‍ക്ക് സ്വദേശിനി ജാസ്മിന ഖാത്തൂണ്‍ ആണ്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ആറാമത്തെ കോടി എല്‍ പി ജി സിലിണ്ടര്‍ ജാസ്മിനയ്ക്ക് സമ്മാനിച്ചു. കേന്ദ്ര എണ്ണ പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അധ്യക്ഷനായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണവും കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശവും എണ്ണകമ്പനികളുടെ കൂട്ടായ ശ്രമവും ആണ് ആറുകോടി എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായകമായതെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. പാവങ്ങളെ സഹായിക്കുകയെന്ന രാഷ്ട്രപിതാവ് മഹാത്മഗാന്ധി യുടെ സ്വപ്നമാണ് ഇവിടെ പൂവണിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 54 മാസത്തിനുള്ളില്‍ 13 കോടി പാചക വാതക കണക്ഷനുകള്‍ കൊടുത്തതായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. 2004-ല്‍ എല്‍ പി ജി കണക്ഷനുകള്‍ 55 ശതമാനം ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 90 ശതമാനം ആയി ഉയര്‍ന്നുവെന്ന് മന്ത്രി അറിയിച്ചു.

പുകരഹിത അടുക്കള എന്ന ലക്ഷ്യത്തോടെ പാവപ്പെട്ടവര്‍ക്കായി വിഭാവനം ചെയ്ത പി എം യു വൈയുടെ ലക്ഷ്യം 5 കോടി നിക്ഷേപ രഹിത കണക്ഷനുകള്‍ ആയിരുന്നു. ബി പി എല്‍ കുടുംബങ്ങള്‍ക്കായി രൂപകല്പന ചെയ്ത പ്രസ്തുത പദ്ധതിയുടെ ലക്ഷ്യം പിന്നീട് എട്ടുകോടി ആയി ഉയര്‍ത്തി. 12800 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്.

ഡിസംബര്‍ ഒന്നിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് വ്യാവസായികാടി സ്ഥാനത്തില്‍ 22639 എല്‍ പി ജി വിതരണക്കാരാണുള്ളത്. 2019 മാര്‍ച്ചുമാസത്തോടെ 835 വിതരണക്കാരെ കൂടി നിയമിക്കാന്‍ എണ്ണ ഉത്പാദക കമ്പനികള്‍ക്ക് പരിപാടി ഉണ്ട്. ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിനു പകരം 5 കിലോ റീഫില്ലിനും അവസരം ഉണ്ട്. 1,33,869 ഗുണഭോക്താക്കള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

TAGS: PMUY 2018 |