ജെറ്റ് എയര്‍വേസ് സ്വന്തമാക്കാന്‍ ടാറ്റാ ഗ്രൂപ്പ്

Posted on: November 7, 2018

 

മുംബൈ : ജെറ്റ് എയര്‍വേസില്‍ ഭൂരിപക്ഷം ഓഹരി സ്വന്തമാക്കാന്‍ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നു. ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ കൈവശമുള്ള 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനു പുറമെ, ജെറ്റ് എയര്‍വേസില്‍ യു എ ഇ ആസ്ഥാനമായ ഇത്തിഹാദിനുള്ള 24 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്നാണ് സൂചന.

അങ്ങനെ സംഭവിച്ചാല്‍, 75 ശതമാനം ഓഹരികള്‍ ടാറ്റാ സണ്‍സിന്റെ കൈകളിലാവും. ജെറ്റ് എയര്‍വേസിന്റെ ലോയല്‍റ്റി പ്രോഗ്രാമായ ജെറ്റ് പ്രിവിലേജും ഏറ്റെടുത്തേക്കും. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ആരംഭിച്ച് വിസ്താര, മലേഷ്യയിലെ എയര്‍ ഏഷ്യയുമായി ചേര്‍ന്ന് ആരംഭിച്ച് എയര്‍ ഏഷ്യ ഇന്ത്യ എന്നീ വിമാനക്കമ്പനികളില്‍ ടാറ്റാ ഗ്രൂപ്പിന് നിലവില്‍ പങ്കാളിത്തമുണ്ട്. ജെറ്റ് എയര്‍വേസിനെ ഏറ്റെടുത്ത് വിസ്താരയില്‍ ലയിപ്പിക്കാനാവും ടാറ്റാ ഗ്രൂപ്പ് ശ്രമിക്കുക.

മൂന്നു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച വിസ്താര ഇപ്പോള്‍ വിദേശങ്ങളിലേക്ക് പറക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോള്‍ 22 വിമാനങ്ങളാണ് വിസ്താരക്കുള്ളത്. ഇടപാടിനെക്കുറിച്ച് ജെറ്റ് എയര്‍വേസും ടാറ്റാ ഗ്രൂപ്പും പ്രതികരിച്ചിട്ടില്ല. കമ്പനി ഇപ്പോള്‍ നഷ്ടത്തിലാണ്. 2018 ജൂണില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ 1,326 കോടി രൂപയാണ് നഷ്ടം. പ്രവര്‍ത്തന വരുമാനമാകട്ടെ 6257 കോടിയും. 120 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

പൈലറ്റുമാരും എയര്‍ ഹോസ്റ്റസുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കമ്പനി. വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയ കമ്പനികള്‍ക്കുള്ള അടവും മുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിക്ഷേപകരെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പ്രൊമോട്ടര്‍മാര്‍ നടത്തിവരുന്നത്.