ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 5 ജിയുടെ തിളക്കത്തില്‍

Posted on: October 27, 2018

ന്യൂഡല്‍ഹി : ദക്ഷിണ ഏഷ്യയിലെ ഏറ്റവും വലിയ മൊബൈല്‍, ഇന്റര്‍നെറ്റ്, സാങ്കേതിക പരിപാടിക്ക് ന്യൂഡല്‍ഹിയിലെ ഏറോസിറ്റിയില്‍ തുടക്കം കുറിച്ചു. മുഖ്യാതിഥിയായ കേന്ദ്ര ആശയവിനിമയ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) റെയില്‍വേ സഹമന്ത്രിയുമായ മനോജ് സിന്‍ഹ പരിപാടി ഉദ്ഘാടനം ചെയ്തു. ടെലികോം വകുപ്പും സിഒഎഐയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യാന്തര പ്രദര്‍ശകര്‍, മാധ്യമങ്ങള്‍, ആഗോള തലത്തിലെ പ്രഭാഷകര്‍, ഡെലിഗേറ്റുകള്‍, വളര്‍ന്നുവരുന്ന സംരംഭകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് 15,000 ത്തിലധികം പേരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

ഐസിടി, ടിഎംടി മേഖലകള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയുടെ സാങ്കേതിക പാരമ്പര്യം അവതരിപ്പിക്കുന്നതിനൊപ്പം മുന്നോട്ടുള്ള വഴികളും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാവി തന്നെ മാറ്റി മറിക്കാന്‍ പോന്ന സാങ്കേതിക മാറ്റങ്ങളാണ് മുന്നിലുള്ളത്. 

ആദ്യ ദിവസം 5 ജിയുടേതായിരുന്നു. ജിയോ ഇന്‍ഫോകോം, ഇന്റല്‍, നോക്കിയ, ക്വാല്‍കോം, സാംസംഗ്, ഹുവെയ് തുടങ്ങിയവരെല്ലാം 5 ജി ട്രയലുകളില്‍ പങ്കെടുത്തു. വരും വര്‍ഷങ്ങളില്‍ 5 ജിയിലൂടെ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനകള്‍ ആദ്യമായി ജനം കണ്ടു. ഭാവിയിലെ സാങ്കേതിക വിദ്യയെ കുറിച്ചും ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിയെകുറിച്ചും ചര്‍ച്ചകള്‍ നടന്നു.