ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ഒരു ട്രില്യണ്‍ ഡോളറിലേക്ക്

Posted on: October 26, 2018

കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയായി ഈ വര്‍ഷം ഇന്ത്യ മാറിയതിന്റെ തുടര്‍ച്ചയായി ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ 2022 ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലു പിന്നിടുമെന്ന് റിപ്പോര്‍ട്ട്. 2025 ടെ ഇത് 1.8 ട്രില്യണ്‍ ഡോളറിലുമെത്തും.
സെല്ലുലര്‍ ഓപറേറ്റേഴ്‌സ് അസോസ്സിയേഷന്‍ ഓഫ് ഇന്ത്യയുടെ ഐ.എം.സി.-കെ.പി.എം.ജി. റിപോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ രണ്ടാം പതിപ്പില്‍ വെച്ച് കേന്ദ്ര വാര്‍ത്ത വിനിമയ സഹമന്ത്രി മനോജ് സിന്‍ഹയുടെ സാന്നിധ്യത്തിലാണ് റിപോര്‍ട്ട് പുറത്തിറക്കിയത്.

ഇപ്പോള്‍ തന്നെ ഉയര്‍ന്ന നിലയിലുള്ള ഇന്ത്യയിലെ ഡാറ്റാ ഉപയോഗം 2023 ടെ അഞ്ചിരട്ടി വളര്‍ച്ച നേടുമെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ഓണ്‍ ലൈന്‍ ഉപഭോക്താക്കളുടെ എണ്ണം ഇപ്പോഴുള്ള 225 മില്യണില്‍ നിന്ന് 2023 ല്‍ 550 മില്യണായി ഉയരുകയും ചെയ്യും.

15 രാജ്യങ്ങളില്‍ തങ്ങള്‍ നടത്തിയ പഠനത്തില്‍ സാങ്കേതിക നേതൃത്വത്തിന്റെ കാര്യത്തില്‍ മുന്നിലുള്ള ആദ്യ മൂന്നു രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടെന്ന് റിപ്പോര്‍ട്ടിനെക്കുറിച്ചു സംസാരിക്കവെ കെ.പി.എം.ജി. ടി.എം.ടി. അഡൈ്വസറി പാര്‍ട്ട്ണര്‍ കെ.ജി. പുരുഷോത്തമന്‍ ചൂണ്ടിക്കാട്ടി.

TAGS: Digital Economy |