വി-ഗാർഡ് ഇൻഡസ്ട്രീസിന് 15 ശതമാനം വരുമാനവർധന

Posted on: May 5, 2015

V-Guard-Logo-big

കൊച്ചി : വി ഗാർഡ് ഇൻഡസ്ട്രീസ് കഴിഞ്ഞ ധനകാര്യവർഷം 1,745.92 കോടി രൂപ വരുമാനം നേടി. മുൻ വർഷത്തേക്കാൾ (1,517.56 കോടി) 15 ശതമാനം വർധനയാണിത്. നികുതിക്കു മുൻപുള്ള ലാഭം 101.45 കോടി രൂപ. മുൻവർഷം 94.28 കോടി രൂപയായിരുന്നു. ഓഹരിയൊന്നിന് 4.50 രൂപ ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തിട്ടുണ്ട്.

മാർച്ച് 31ന് അവസാനിച്ച ക്വാർട്ടറിൽ 441.60 കോടി രൂപയാണു വരുമാനം. മുൻവർഷത്തിൽ ഇതേ കാലയളവിൽ വരുമാനം 422.44 കോടി രൂപയായിരുന്നു. വർധന 4.54 ശതമാനം. നികുതിക്കുശേഷമുള്ള ലാഭം 20.07 കോടി രൂപ. മുൻവർഷം ഇതേ ക്വാർട്ടറിനേക്കാൾ (20.47 കോടി) 1.98 ശതമാനം കുറവാണിത്. നികുതി ഇനത്തിൽ കൂടുതൽ തുക ചെലവിടേണ്ടിവന്നതാണ് ലാഭത്തെ ബാധിച്ചതെന്ന് കമ്പനി വിശദീകരിച്ചു.

നികുതിയിളവുണ്ടായിരുന്ന പ്ലാന്റുകൾ അഞ്ചുവർഷം പിന്നിട്ടതോടെ ഭാഗികമായി നികുതിക്കു വിധേയമായിട്ടുണ്ട്. നിലവിലുള്ള വിപണികളിൽ ശൃംഖല വിപുലീകരിക്കുന്നതു തുടരുമെന്നും കമ്പനി മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. കോയമ്പത്തൂരിൽ മൂന്നാമത്തെ വയർ ഫാക്ടറി സ്ഥാപിക്കും. രണ്ടു വർഷത്തിനകം ഇതു പൂർത്തിയാകും. കേരളത്തിൽ മിക്‌സർ ഗ്രൈൻഡറുകൾ വിജയമായതിനെത്തുടർന്ന് കർണാടകത്തിലും അവതരിപ്പിച്ചു. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും മിക്‌സർ ഗ്രൈൻഡറുകളുടെ വിപണി വ്യാപിപ്പിക്കും.