കൊശമറ്റം ഫിനാൻസ് എൻസിഡി ഇഷ്യു ഓവർസബ്‌സ്‌ക്രൈബ് ചെയ്തു

Posted on: March 21, 2015

Kosamattam-Finance-big

കൊച്ചി : കൊശമറ്റം ഫിനാൻസിന്റെ കടപ്പത്ര (നോൺകൺവെർട്ടബിൾ ഡിബഞ്ചർ) ഇഷ്യൂവിലൂടെ 200.56 കോടി രൂപ സമാഹരിച്ചു. പബ്ലിക് ഇഷ്യൂ മാർച്ച് 11 വരെ തുടരാൻ അനുമതിയുണ്ടായിരുന്നെങ്കിലും പ്രതീക്ഷയ്ക്കപ്പുറമായ അനുകൂല പ്രതികരണം നിക്ഷേപകരിൽ നിന്നുണ്ടായതിനാൽ അഞ്ചാം തീയതി ഇഷ്യു ക്ലോസ് ചെയ്യുകയായിരുന്നു.

100 കോടി രൂപ ലക്ഷ്യമിട്ടുള്ള സെക്യുവേർഡ്, അൺ സെക്യുവേർഡ് റെഡീമബിൾ നോൺ കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ പബ്ലിക് ഇഷ്യൂ പ്രകാരം നിലനിർത്താനാവുന്ന അധിക സബ്‌സ്‌ക്രിപ്ഷൻ തുകയായി 100 കോടി രൂപ അനുവദിച്ചിരുന്നതായി കമ്പനി അറിയിച്ചു. കൊശമറ്റം ഫിനാൻസിന്റെ നോൺ കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിവ്രോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ആയിരുന്നു ഇഷ്യൂ മാനേജർ.

മാത്യു കെ. ചെറിയാൻ ചെയർമാനായുള്ള നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയാണ് കോട്ടയം ആസ്ഥാനമായുള്ള കൊശമറ്റം ഫിനാൻസ്. സ്വർണ്ണ പണയ വായ്പാ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിക്ക് കേരളത്തിനു പുറമേ തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലായി 875 ശാഖകളുണ്ട്.