ഗോൾഡ് എക്‌സ്‌ചേഞ്ച് രൂപീകരിക്കണമെന്ന് ഫിക്കിയും ഡബ്ല്യു ജി സിയും

Posted on: December 10, 2014

FICCI-logo-Big

ഇന്ത്യയിൽ ഗോൾഡ് എക്‌സ്‌ചേഞ്ചും ഇറക്കുമതിയും കയറ്റുമതി യും കൈകാര്യം ചെയ്യുന്നതിന് ഗോൾഡ് ബോർഡും രൂപീകരിക്കണമെന്ന് ഫിക്കിയും (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി) വേൾഡ് ഗോൾഡ് കൗൺസിലും ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

സ്വർണവിലയുടെ കാര്യത്തിൽ ഏകീകരണം, സപ്ലൈ-ഡിമാൻഡ് സംബന്ധിച്ച് കൂടുതൽ സുതാര്യത, അക്രഡിറ്റഡ് ഗോൾഡ് റിഫൈനറികളുടെ വികസനം, ബാങ്കുകളിൽ സ്വർണത്തെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപപദ്ധതികൾ, സ്വിസ് മെയ്ഡ് വാച്ചുകൾ പോലെ ഇന്ത്യ മെയ്ഡ് ജ്വല്ലറികൾ തുടങ്ങിയ നിർദ്ദേശങ്ങൾ ഫിക്കിയും വേൾഡ് ഗോൾഡ് കൗൺസിലും മുന്നോട്ടുവച്ചു. ഇന്ത്യയിലെ സ്വകാര്യ സ്വർണശേഖരത്തിന്റെ ധനവിനിയോഗ സാധ്യതകൾക്കായി ഇരുസംഘടകളും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുള്ളത്.

സ്വർണത്തേക്കുറിച്ച് സമഗ്രമായ പൊതുനയം രൂപീകരിക്കാൻ ഫിക്കിയും വേൾഡ് ഗോൾഡ് കൗൺസിലും ചേർന്ന് തയാറാക്കിയ റിപ്പോർട്ട് അടിസ്ഥാനമാകുമെന്ന് ഫിക്കി സെക്രട്ടറി ജനറൽ ഡോ. എ. ദിദർ സിംഗ് പ്രത്യാശപ്രകടിപ്പിച്ചു.

സംസ്‌കാരവും പാരമ്പര്യവും സാമ്പത്തികസംരക്ഷണവുമെല്ലാം ഒത്തുചേർന്നതാണ് ഇന്ത്യയിലെ സ്വർണ ഡിമാൻഡെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ മാനേജിംഗ് ഡയറക്ടർ പി.ആർ. സോമസുന്ദരം പറഞ്ഞു. രാജ്യത്തെ വീടുകളിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന 22,000 ടൺ സ്വർണം സാമ്പത്തികവളർച്ചയ്ക്കായി ഉപയോഗിക്കാനുള്ള നയരൂപീകരണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.