നേതൃത്വ വികസന ക്യാമ്പ് സൈം (എക്‌സ് ഐ എം ഇ) കൊച്ചി ക്യാംപസില്‍

Posted on: April 25, 2019

കൊച്ചി: സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റ്രപ്രൂണര്ഷിപ്പ് (സൈം) കൊച്ചി ക്യാമ്പസില്‍ ഒരുമാസം നീളുന്ന നേതൃത്വ വികസന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26 മുതല്‍ മെയ് 25 വരെയാണ് ക്യാമ്പ്. ആര്‍ട്‌സ്, സയന്‍സ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കായാണ് ക്യാമ്പ്. ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ സാമ്പത്തിക രംഗം എന്നിവയെക്കുറിച്ചുള്ള അവബോധവും ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക് ലഭിക്കും. നൈപുണ്യ വികസനം, ക്രിയാത്മകത, പബ്ലിക് സ്പീക്കിങ്, ഡിബേറ്റിങ് എന്നിവയ്ക്ക് പുറമെ കരിയര്‍ ഗൈഡന്‍സ്, തൊഴില്‍ സാധ്യത എന്നിവയെ കുറിച്ചുള്ള പ്രത്യേക സെഷനുകളും ഉണ്ടാകും.

വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള വിശിഷ്ടാതിഥികളുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും. ജസ്റ്റിസ്. കുര്യന്‍ ജോസഫ്, ടി.പി. ശ്രീനിവാസന്‍, ഐഎസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍, വി.ജെ. കുര്യന്‍ ഐ എ എസ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, വി.കെ. മാത്യൂസ്, പി.എച്ച്. കുര്യന്‍ ഐ എ എസ് എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. സൈം പ്രൊഫസറും ചങ്ങനാശേരി എസ് ബി കോളജ് മുന്‍ പ്രിന്‌സിപ്പലുമായ ഡോ. ജോര്‍ജ് മഠത്തിപറമ്പിലാണ് പ്രോഗ്രാം ഡയറക്ടര്‍.

ഏപ്രില്‍ 26 ന് രാവിലെ 11.30 ന് സൈം കളമശേരി ക്യാംപസില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ലോകായുക്ത ജസ്റ്റിസ്. സിറിയക് ജോസഫ് മുഖ്യാതിഥിയാകും. സൈം ചെയര്‍മാന്‍ ഡോ. ജെ. അലക്സാണ്ടര്‍, പ്രൊഫ. ജെ. ഫിലിപ്പ്, പി.സി. സിറിയക് തുടങ്ങിയവര്‍ പങ്കെടുക്കും.

TAGS: XIME |