ഡിപി വേള്‍ഡിന് കൊച്ചിയില്‍ മികച്ച പ്രകടനം

Posted on: April 18, 2019


കൊച്ചി : അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് 2019 ലെ ആദ്യ മൂന്നു മാസക്കാലത്ത് 14 ശതമാനം വളര്‍ച്ച നേടി. ഈ മേഖലയിലെ ശരാശരി വളര്‍ച്ചാനിരക്ക് 9 ശതമാനം മാത്രമായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലായ കൊച്ചിയില്‍ 1.6 ലക്ഷം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തത് സര്‍വ്വകാല റെക്കോര്‍ഡാണ്. 2019 മാര്‍ച്ചില്‍ 56,000 ടിഇയു എന്ന എറ്റവും ഉയര്‍ന്ന പ്രതിമാസ കണ്ടെയ്‌നര്‍ നീക്കവും നടന്നു.

ട്രാന്‍സ്ഷിപ്പമെന്റ് കണ്ടെയ്‌നറുകളുടെ എണ്ണത്തില്‍ ഈ കാലയളവില്‍ 48% വര്‍ധനയുണ്ടാകുവാന്‍ സഹായിച്ചത് ചെറുതും വലുതുമായ തുറമുഖങ്ങളുമായും ഉള്‍നാടന്‍ ജലഗതാഗത പാതകളിലെ കണ്ടെയ്‌നര്‍ ഡിപ്പോകളുമായും ഉള്ള മികച്ച ഫീഡര്‍ കണക്ടിവിറ്റിയാണ്. കോട്ടയത്തേക്ക് ദേശീയ ജലപാത 3, 9 എന്നിവയിലൂടെ ബാര്‍ജ് സര്‍വീസും, ബേപ്പൂര്‍, അഴീക്കല്‍ എന്നിവിടങ്ങളിലേക്ക് ഫീഡര്‍ കപ്പല്‍ സര്‍വീസും ലഭ്യമാണ്.
അന്താരാഷ്ട്ര തുറമുഖങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തി അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന്റെ വളര്‍ച്ച നേടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡിപി വേള്‍ഡ് കൊച്ചിയുടെ സിഇഒ പ്രവീണ്‍ ജോസഫ് പറഞ്ഞു. ഇടപാടുകാര്‍ക്കും വ്യാപാര മേഖലയിലെ പങ്കാളികള്‍ക്കും തങ്ങള്‍ മികച്ച രീതിയില്‍ ചരക്കു കൈകാര്യം ചെയ്യുന്നതിലുള്ള വിശ്വാസമാണ് ഈ കാലയളവിലെ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞ സമയത്തിലും ചെലവിലും തന്ത്രപ്രധാന അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കുവാന്‍ സഹായിക്കുന്ന മെയ്ന്‍ ലൈന്‍ കപ്പല്‍ സര്‍വീസുകള്‍ ആസ്‌ട്രേലിയ, ഏഷ്യ, യൂറോപ്പ്, മെഡിറ്ററേനിയന്‍ മേഖലകളിലേക്ക് കൊച്ചിയില്‍ നിന്ന് ലഭ്യമാണ്.

TAGS: DP World |