എൽ ആൻഡ് ടി ചെയർമാൻ എ. എം നായികിന് പത്മവിഭൂഷൺ സമ്മാനിച്ചു

Posted on: March 18, 2019

ന്യൂഡൽഹി : എൽ ആൻഡ് ടി ഗ്രൂപ്പ് ചെയർമാൻ എ. എം. നായികിന് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാം നാഥ് കോവിന്ദാണ് അവാർഡ് സമ്മാനിച്ചത്.

ഇന്ത്യയെയും രാജ്യത്തെ എന്റെ സഹോദരങ്ങളെയും സേവിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ഇത്രയും ഉയർന്ന ബഹുമതി ലഭിച്ചത് എൽ ആൻഡ് ടി ഗ്രൂപ്പിന് ആഹ്ലാദം പകരുന്നുവെന്നും നായിക് പറഞ്ഞു.

കഴിഞ്ഞ അഞ്ചു ദശകങ്ങളായി ഇന്ത്യയിലെയും വിദേശത്തെയും എൽ ആൻഡ് ടിയുടെ നിർണായകമായ പല പ്രൊജക്റ്റുകൾക്കും നായിക് നേതൃത്വം നൽകി വരുന്നു. പ്രതിരോധം, ആണവോർജം, ഏറോസ്‌പേസ്, അടിസ്ഥാന സൗകര്യങ്ങൾ, ജലം, ഹൈഡ്രോകാർബൺ, സാമ്പത്തിക സേവനം തുടങ്ങി നിരവധി മേഖലകളിൽ എൽ ആൻഡ് ടി പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.