കൊച്ചിയിൽ അഡോബ് ക്രിയേറ്റീവ് ടെക്‌നോളജി അക്കാദമി

Posted on: March 4, 2019

കൊച്ചി : ആഗോള തൊഴിൽ മേഖലയിലെ മത്സരങ്ങൾ നേരിടുന്നതിന് കേരളത്തിലെ തൊഴിലന്വേഷകരായ യുവതലമുറയെ പ്രാപ്തരാക്കുന്നതിന് അവരുടെ അറിവും കഴിവും ആശയവിനിമയ ശേഷിയും നൈപുണ്യ ശേഷിയും വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന തൊഴിൽ- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പ്രസ്താവിച്ചു. അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈനും (എ എം ഡി) അഡോബും സഹകരിച്ച് കൊച്ചിയിൽ ആരംഭിച്ച അഡോബ് ക്രിയേറ്റീവ് ടെക്‌നോളജി അക്കാദമി (എ സി ടി എ)യുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ അംഗീകാരത്തോടെ ആരംഭിക്കുന്ന ഈ സ്ഥാപനത്തിന് തൊഴിൽമേഖലയിലെ മാറ്റങ്ങൾക്ക് അനുസൃതമായ കഴിവുകൾ ആർജിക്കുന്നതിന് യുവതലമുറയെ പ്രാപ്തരാക്കാൻ കഴിയുമെന്ന് മന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. സാങ്കേതിക വിദ്യയിലും ആശയവിനിമയത്തിലും സർഗാത്മക ആശയങ്ങൾ അവതരിപ്പിക്കുന്നതിലും മുന്നിലെത്താൻ നമ്മുടെ യുവതലമുറയെ പ്രാപ്തരാക്കുന്നതിന് എല്ലാ രംഗത്തു നിന്നും ശ്രമങ്ങളുണ്ടാകമെന്നും മന്ത്രി ടി പി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.

ഡിസൈനിംഗിൽ അഭിരുചിയുള്ളവർക്ക് പ്രൊഫഷണൽ മികവോടെ പരിശീലനം ഉറപ്പു വരുത്തുന്നതിനൊപ്പം സിനിമ അടക്കമുള്ള വിനോദ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് മികച്ച അവസരങ്ങൾ ഉറപ്പുവരുത്തുന്നതിനും അഡോബ് ക്രിയേറ്റീവ് ടെക്‌നോളജി അക്കാദമി പ്രതിജ്ഞാ ബദ്ധമാണെന്ന് എ എം ഡിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫിലിപ്പ് തോമസ് വ്യക്തമാക്കി. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകൾ മൂലമുണ്ടാകുന്ന പരിമിതികൾ അതിജീവിച്ച് തൊഴിൽ നൈപുണ്യം ലഭ്യമാക്കുകയാണ് അഡോബ് ക്രിയേറ്റീവ് ടെക്‌നോളജി അക്കാദമിയുടെ ലക്ഷ്യമെന്ന് മാനേജിംഗ് പാർട്ടണർ ഡോ. ബാബു ജോസഫ് പറഞ്ഞു.

അഡോബ് സിസ്റ്റംസ് ഇന്ത്യ ഡിജിറ്റൽ മീഡിയ എഡ്യൂക്കേഷൻ ഹെഡ് എ സുപ്രീത് നാഗരാജു, മീഡിയ എന്റർടെയ്ൻമെന്റ് സ്‌കിൽസ് കൗൺസിൽ(എൻ എസ് ഡി സി) ദക്ഷിണ മേഖലാ മേധാവി സാരഥി കൃഷ്ണ, യൂണിറ്റി ത്രീ ഡി മാനേജർ ജയ് നരേഷ്, എ എം ഡി ബിസിനസ് ഹെഡ് നിയാസ് നാസർ എന്നിവരും സംസാരിച്ചു.