വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഗ്രാന്റുമായി പെപ്‌സികോ

Posted on: December 7, 2018

കൊച്ചി : മികച്ച ആശയങ്ങളുള്ള യുവാക്കളെ പ്രോല്‍സാഹിപ്പിക്കാനായി പെപ്സികോ ചെയ്ഞ്ച് ദ ഗെയിം പദ്ധതി ആരംഭിക്കുന്നു. ഒരു ലക്ഷം ഡോളറാണ് ഇതിനായി പെപ്സികോ ധനസഹായം നല്‍കുന്നത്.കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഈ പരിപാടിയുടെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

പെപ്‌സികോയുടെ ചെയ്ഞ്ച് ദ ഗെയിമില്‍ ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള വിജയികള്‍ക്ക് മറ്റു മേഖലയില്‍ നിന്നുള്ള വിജയികളുമായി മല്‍സരിക്കാന്‍ അവസരം ലഭിക്കും. പെപ്‌സികോ സി ഇ ഒ രമണ്‍ ലഗാര്‍ത്തയ്ക്കു മുന്നില്‍ തങ്ങളുടെ ബിസിനസ് ആശയങ്ങള്‍ അവതരിപ്പിക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും. വിജയികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പെപ്‌സികോ ഒരു ലക്ഷം ഡോളര്‍ ഗ്രാന്റ് നല്‍കും. ഇതിനു പുറമേ അന്താരാഷ്ട്ര തൊഴിലും ഉറപ്പുനല്‍കുന്നു.

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കു സുസ്ഥിരവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തി വികസിപ്പിക്കാന്‍ യുവാക്കളെ പിന്തുണക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും സുസ്ഥിര പാക്കേജിംഗും പുതുക്കി ഉപയോഗിക്കലും എന്ന പെപ്സികോയുടെ പ്രധാന ലക്ഷ്യം നടപ്പിലാക്കാന്‍ ക്രിയാത്മകമായ ആശയങ്ങള്‍ കണ്ടെത്തലാണ് ഇത്തവണത്തെ പ്രധാന വെല്ലുവിളിയെന്നും പെപ്സികോ ഇന്ത്യയുടെ എച്ച് ആര്‍ വൈസ് പ്രസിഡന്റ് സുചിത്ര രാജേന്ദ്ര പറഞ്ഞു.

TAGS: Pepsico |