ക്രെഡായ് കേരള സംസ്ഥാന കോണ്‍ഫറന്‍സ് കൊച്ചിയില്‍

Posted on: November 9, 2018

കൊച്ചി : കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) സംസ്ഥാന ഘടകമായ ക്രെഡായ് കേരളയുടെ സംസ്ഥാന കോൺഫറൻസ് നവംബർ 23, 24 തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. 23 ന് രാവിലെ 9.30 ന് മുൻ കേന്ദ്രമന്ത്രി ഡോ. ശശി തരൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്രെഡായ് ദേശീയ പ്രസിഡണ്ട് ജാക്‌സി ഷാ മുഖ്യപ്രഭാഷണം നടത്തും.

തുടർന്ന് സാങ്കേതിക സെഷനുകളും പാനൽ ചർച്ചയും നടക്കുമെന്ന് ക്രെഡായ് കേരള ചെയർമാൻ ഡോ. നജീബ് സക്കറിയയും കോൺഫറൻസ് ചെയർമാൻ എം. വി ആൻറണിയും പറഞ്ഞു. രാജ്യത്തെ പ്രമുഖ പ്രൊഫഷണൽ സേവന സ്ഥാപനമായ ജെ എൽ എൽ ആണ് സമ്മേളനത്തിൻറെ നോളജ് പാർട്ണർ. കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ജെ എൽ എൽ തയാറാക്കിയ റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും.

തിരുവനന്തപുരം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട് ചാപ്റ്ററുകളിൽ നിന്നായി മുന്നൂറ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സി ഐ ഐ, ബായ്, കെ എം എ , ഐ എ എ, ഐ പി എ തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് നൂറ് പ്രതിനിധികളും പങ്കെടുക്കും.

‘മാറ്റങ്ങളെ സ്വീകരിക്കുക, വിജയത്തെ പുനർനിർവചിക്കുക (എംബ്രസിങ് ചേഞ്ച്, റീഡിഫൈനിംഗ് സക്‌സസ്) എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിൻറെ വിഷയം. റിയൽഎസ്റ്റേറ്റ്, സാമ്പത്തിക, മാർക്കറ്റിങ്ങ് രംഗത്ത് നിന്നുള്ള പ്രമുഖരും പ്രഭാഷകരും ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കും. ത്രീ ഡി പ്രിന്റിംഗ്, ത്രീ ഡി കാസ്റ്റിങ് തുടങ്ങിയ നവീന സാങ്കേതിക വിദ്യകളെ കുറിച്ചുള്ള പ്രത്യേക സെഷനുകളും ഇത്തവണ സമ്മേളനത്തിൽ ഉണ്ടാകും. രാജ്യാന്തര മോട്ടിവേഷണൽ പ്രഭാഷകനും മുംബൈ ഡബാവാലകളുടെ കഥകൾ പുറംലോകത്തെ അറിയിക്കുകയും ചെയ്ത പവൻ അഗർവാൾ സമ്മേളനത്തിൽ പങ്കെടുക്കും. 24 ന് ഉച്ചയ്ക്ക് ഒരു മണിക്ക് സമാപന സമ്മേളനം നടക്കും.

TAGS: Credai |