ഫ്‌ളൈദുബായിയുടെ 39 സർവീസുകൾ ദുബായ് വേൾഡ് സെൻട്രലിൽ നിന്ന്

Posted on: October 5, 2018

കൊച്ചി : ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ (ഡിഎക്‌സ്ബി) തെക്കെ റൺവേയുടെ പുതുക്കിപ്പണി നടക്കുന്ന 2019 ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള 45 ദിവസങ്ങളിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമടക്കമുള്ള 39 ഫ്‌ളൈദുബായ് സർവീസുകൾ ദുബായ് വേൾഡ് സെൻട്രലിൽ (ഡിഡബ്‌ള്യുബി)ൽ നിന്നായിരിക്കും. എന്നാൽ ദമാം, അലക്‌സാണ്ട്രിയ, ജിദ്ദ, കാബൂൾ, ഖാർത്തും, കുവൈറ്റ്, മസ്‌ക്കറ്റ്, അമ്മാൻ, ബെഹ്‌റിൻ, ബെയ്‌റൂട്ട് എന്നീ 10 കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ ഇരു വിമാനത്താവളങ്ങളിൽ നിന്നും ഉണ്ടാവും.

യാത്രക്കാർക്കുണ്ടാകാവുന്ന അസൗകര്യം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് മൊത്തം 92 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തി വരുന്ന ഫ്‌ളൈദുബായ്, 39 സർവീസുകൾ ദുബായ് വേൾഡ് സെൻട്രലിൽ നിന്നാക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഘെയ്ത് അൽ ഘെയ്ത് പറഞ്ഞു. 2019 മെയ് 30 ന് ശേഷം ഈ സർവീസുകൾ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു തന്നെയായിരിക്കും.

TAGS: Flydubai |