കരുണാനിധിയുടെ വിലാപയാത്ര ആരംഭിച്ചു

Posted on: August 8, 2018

ചെന്നൈ : കരുണാനിധിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാജാജി ഹാളിൽ നിന്ന് മെറീന ബീച്ചിലേക്ക് പുറപ്പെട്ടു. അലങ്കരിച്ച ഗൺ കാരിയേജിലാണ് കരുണാനിധിയുടെ ഭൗതിക ശരീരം മെറീന ബീച്ചിലേക്ക് കൊണ്ടു പോകുന്നത്. രാജാജി ഹാളിൽ നിന്ന് മെറീന ബീച്ചിലേക്ക് രണ്ടര കിലോമീറ്റർ ദൂരമുണ്ട്. ആയിരകണക്കിനാളുകൾ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.

വിലാപയാത്ര കടന്നു പോകുന്ന വീഥിയുടെ ഇരുവശവും വൻ ജനാവലിയാണ് കാത്തുനിൽക്കുന്നത്. ജനലക്ഷങ്ങളാണ് ഇന്നലെ രാത്രിയും ഇന്നുമായി തങ്ങളുടെ പ്രിയപ്പെട്ട കലൈഞ്ജർക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.

മെറീന ബീച്ചിൽ ഒരുക്കങ്ങളെല്ലാം പൂർണമാണ്. ഡിഎംകെ നേതാക്കളായ അൻപഴകൻ, എ. രാജ തുടങ്ങിയവർ സംസ്‌കാരസ്ഥലത്ത് എത്തിയിട്ടുണ്ട്. പോലീസ് കമാൻഡോകൾ, സിആർപിഎഫ്, ദ്രുതകർമ്മ സേന എന്നിവർ ചേർന്നാണ് മെറീന ബീച്ചിലെ സുരക്ഷ ഏകോപിപ്പിക്കുന്നത്.

TAGS: DMK | Kalaignar | Karunanidhi |