ഫ്‌ളൈദുബായ് ക്രാക്കോവിലേക്ക് സർവീസ് തുടങ്ങി

Posted on: April 11, 2018

കൊച്ചി : പോളണ്ടിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ക്രാക്കോവിലേക്ക് ഫ്‌ളൈദുബായ് പ്രതിദിന സർവീസാരംഭിച്ചു. ദുബായിൽ നിന്ന് ക്രാക്കോവിലേക്ക് നേരിട്ടുള്ള ആദ്യ സർവീസാണിത്. ബോയിംഗ് 737 മാക്‌സ് 8 വിമാനമാണ് സർവീസിനായി ഉപയോഗപ്പെടുത്തുന്നത്.

എമിറേറ്റ്‌സുമായി കോഡ്‌ഷെയറിംഗ് ഉള്ളതിനാൽ ക്രാക്കോവിൽ നിന്നുള്ള സഞ്ചാരികൾക്ക് ദുബായ് വഴി 200 ൽ അധികം കേന്ദ്രങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റ് ലഭിക്കുമെന്ന് ഫ്‌ളൈദുബായ് സീനിയർ വൈസ് പ്രസിഡന്റ് (കമേഴ്‌സ്യൽ ഓപ്പറേഷൻസ്) ജെയ്ഹൻ എഫന്റി പറഞ്ഞു. അടുത്തു തന്നെ ക്രൊയേഷ്യയിലെ സുബ്‌റോവ്‌നിക്, ഇറ്റലിയിലെ കറ്റാനിയ, ഗ്രീസിലെ തെസലോനിക്ക എന്നിവിടങ്ങളിലേക്ക് കൂടി സർവീസ് ആരംഭിക്കും. ഇതോടെ യൂറോപ്പിൽ ഫ്‌ളൈദുബായ് സർവീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം 26 ആകും.

യുഎഇയും പോളണ്ടും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും വിനോദ സഞ്ചാര വികസനത്തിനും ക്രാക്കോവ് സർവീസ് സഹായകമാകുമെന്ന് ക്രാക്കോവ് എയർപോർട്ട് ബോർഡ് പ്രസിഡന്റ് റെഡോസ്‌ലാ വ്‌ളോസേക് പറഞ്ഞു. തെക്കൻ പോളണ്ടിന്റെ വികസനത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദുബായിയുമായുള്ള ബന്ധം സഹായകമാവും.