ഐബിഎംസി യുഎ ഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റിന് തുടക്കമായി

Posted on: March 26, 2018

ദുബായ് : ഐബിഎംസി സംഘടിപ്പിക്കുന്ന യുഎഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റ് രണ്ടാം പതിപ്പിന് ദുബായ് എമിറേറ്റ്‌സിൽ തുടക്കമായി. പത്ത് മാസം നീളുന്ന ബിസിനസ് ഫെസ്റ്റിൽ എണ്ണയിതര വ്യവസായ മേഖലയിലെ നിക്ഷേപക, പങ്കാളിത്ത സാധ്യതകൾ വിശദമായി ചർച്ച ചെയ്യും. യുഎഇ യിലെ എല്ലാ എമിറേറ്റ്‌സുകളിലും നടക്കുന്ന പരിപാടി ഡിസംബറിൽ അബുദാബിയിൽ സമാപിക്കും.ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഐ ഒ ടി, ഫിൻടെക് എന്നിവയാണ് ഇത്തവണത്തെ മുഖ്യ ചർച്ചാ വിഷയം. പുതിയ ട്രെൻഡുകൾ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായി മുംബൈ ബി എസ് ഇ ഇൻസ്റ്റിറ്റ്യൂട്ടും ഐബി എംസിയും ചേർന്ന് ബി ഐ എൽ- ഐബിഎംസി യു എ ഇ ബ്ലോക്ക് ചെയിൻ ലാബിന് രൂപം നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹത്തെ കൂടുതൽ അടുപ്പിക്കുന്നതിനായി ഐബിഎംസി എമിറേറ്റി ബിസിനസ് സപ്പോർട്ട് സെൻററും ഐബിഎംസി എമിറേറ്റി ബിസിനസ് കോൺക്ലേവും ആരംഭിച്ചിട്ടുണ്ട്.

ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ നടന്ന ചടങ്ങിൽ ബിസിനസ് ഫെസ്റ്റ് രണ്ടാം പതിപ്പ് റാഷിദ് അൽ നൂറി, ഐ ബി എം സി ഗ്ലോബൽ നെറ്റ് വർക്ക് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ പി. കെ സജിത്കുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എം ഡി അംബരീഷ് ദത്ത, പി എസ് അനൂപ്, തനി അബ്ദുള്ള അൽ തനി അൽ ഫലാസി, മിഷാൽ അൽ മർസൂഖി, റാഷിദ് ഖൽഫാൻ അൽ ബ്ലൗഷ്മി, സമീർ പാട്ടീൽ, ഡോ. ഗ്രേസ് എസ് തോമസ്, അദ്‌നാൻ മുഹമ്മദ് ബിൻ അബ്ദുള്ള, ഡോ. മുഹമ്മദ് ഖാൻ, ബിനോയ് ശശി, മോണിക്ക അഗർവാൾ, ശശി കുമാർ എന്നിവർ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

ബി ഐ എൽ – ഐബിഎംസി യുഎഇ ബ്ലോക്ക് ചെയിൻ ലാബ് അംബരീഷ് ദത്തയും സജിത്ത്കുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഐബിഎംസി എമിറേറ്റി ബിസിനസ് സപ്പോർട്ട് സെൻറർ പി. കെ സജിത്ത്കുമാറും ചീഫ് ഇൻഡസ്ട്രി അഡൈ്വസർ അദ്‌നാൻ മുഹമ്മദ് ബിൻ അബ്ദുള്ളയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രഥമ ഐബിഎംസി എമിറേറ്റി ബിസിനസ് കോൺക്ലെവും ഇതോടൊപ്പം സംഘടിപ്പിച്ചു. ആദ്യ ദിനം തന്നെ പന്ത്രണ്ടോളം ബിസിനസ് സെഷനുകൾ, വ്യവസായ സെമിനാറുകൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിച്ചു. യുഎഇ യിലും ഇന്ത്യയിലുമുള്ള ബിസിനസ്, നിക്ഷേപ മേഖലകളിൽ ശ്രദ്ധയൂന്നി ചർച്ചകളും നടന്നു.

യുഎഇ യിലെ ബിസിനസ് സാധ്യതകൾ അടുത്തറിയാനും വിദഗ്ധ ഉപദേശങ്ങൾ ലഭിക്കാനും അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും സഹായകരമാകുന്ന വേദിയാണ് ഐബിഎംസി യുഎഇ- ദുബായ് ബിസിനസ് ഫെസ്റ്റ്. ബിസിനസ് ഫെസ്റ്റിൻറെ ആദ്യ പതിപ്പ് വിജയകരമായി പൂർത്തിയാക്കിയതിന് തുടർന്നാണ് രണ്ടാം പതിപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. ബിസിനസ് മേഖലയിലെ നിർണായക ഇടപെടൽ പരിഗണിച്ച് യു എൻ ഗ്ലോബൽ കോംപാക്ട് യു എ ഇ നെറ്റ്വർക്ക് ഐബിഎംസിയെ യുഎഇ എസ് ഡി ജി പയനീർ അവാർഡിനായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇ യിലെ ഏഴ് എമിറേറ്റുകളിലും ബിസിനസ് ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നുണ്ട്.