യൂസഫലിക്കും പി പരമേശ്വരനും രാഷ്ട്രസേവാ പുരസ്‌കാരം

Posted on: October 9, 2017

കൃഷ്ണ ഫൗണ്ടേഷന്റെ രാഷ്ട്ര സേവാ പുരസ്‌ക്കാരം എം എ. യൂസഫലിക്ക് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഡൽഹിയിൽ സമ്മാനിക്കുന്നു. ജസ്റ്റീസ് കുര്യൻ ജോസഫ്, പ്രഫ. പി.ജെ. കുര്യൻ, ടി.കെ.എ. നായർ തുടങ്ങിയവർ സമീപം.

ന്യൂഡൽഹി : പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് ജോലി നൽകുന്ന എം എ യൂസഫലി മാതൃനാടിന് നൽകുന്ന സേവനം മഹത്തരമാണെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു പറഞ്ഞു. ഡൽഹിയിലെ കൃഷ്ണ ഫൗണ്ടേഷന്റെ രാഷ്ട്ര സേവാ പുരസ്‌കാരം എം എ. യൂസഫലിക്കും പി പരമേശ്വരനും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

സമ്പത്ത് ആർക്കും കൂടെ കൊണ്ടുപോകാൻ കഴിയില്ലെന്ന തിരിച്ചറിഞ്ഞാണ് അദേഹം സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. ആന്ധ്രാപ്രദേശിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ താൻ ഒരിക്കൽ അദേഹത്തോട് അഭ്യർഥിച്ചിരുന്നുവെന്നും അതിന് അദേഹം തയ്യാറായി മുന്നോട്ടുവന്നത് സന്തോഷകരമാണ്. ഒരുകാലത്ത് ലോകത്തിന് വഴികാട്ടിയിരുന്ന വൈജ്ഞാനിക കേന്ദ്രമായിരുന്ന ഇന്ത്യയുടെ പൈതൃകം ഉയർത്തിപ്പിടിക്കാനും ദാരിദ്യം, അഴിമതി, നിരക്ഷരത, തീവ്രവാദം, മതമൗലികവാദം, പിന്നോക്ക വിവേചനം, ലിംഗവിവേചനം എന്നിവ തുടച്ചു നീക്കാനും നമുക്ക് ഓരോരുത്തർക്കും ബാധ്യതയുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

പി പരമേശ്വരന് വേണ്ടി ഒ രാജഗോപാൽ എം എൽ എ അവാർഡ് ഏറ്റുവാങ്ങി. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡൽഹി റാഫി മാർഗിലെ മൗലങ്കാർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.കെ.എ. നായർ, ഓംചേരി എൻ എൻ പിള്ള, ജസ്റ്റിസ് കുര്യൻ ജോസഫ്, രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രഫ പി.ജെ കുര്യൻ, കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശർമ്മ, ബാബു പണിക്കർ തുടങ്ങിയവരും സംബന്ധിച്ചു. ഡൽഹിയിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 30 കുട്ടികളുടെ ഒരു വർഷത്തെ സ്‌ക്കൂൾ ഫീസ് ചടങ്ങിൽ കൃഷ്ണാ ഫൗണ്ടേഷൻ ഭാരവാഹികൾ സ്‌ക്കൂൾ അധികാരികൾക്ക് കൈമാറി.

ഡൽഹിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ടി.കെ.എ.നായർ, പ്രഫ. ഓംചേരി എൻ.എൻ പിള്ള, കെ മാധവൻ നായർ, എ.ടി സൈനുദ്ദീൻ, ബാബു പണിക്കർ , ബിജി നായർ, ഡോ. രമേശ് നമ്പ്യാർ, കെ.രഘുനാഥ്, കെ.പി വിനോദ് കുമാർ, കെ.ബി അജിതൻ, കെ. വേണുഗോപാൽ എന്നിവരാണ് കൃഷ്ണ ഫൗണ്ടേഷന്റെ ട്രസ്റ്റി അംഗങ്ങൾ.