വിമാനത്തിൽ എലി : എയർ ഇന്ത്യ വിമാനം പുറപ്പെടാൻ 9 മണിക്കൂർ വൈകി

Posted on: August 28, 2017

ന്യൂഡൽഹി : വിമാനത്തിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി – സാൻഫ്രാൻസിസ്‌കോ വിമാനം (ഫ്‌ളൈറ്റ് നമ്പർ എഐ 173) പുറപ്പെടാൻ 9 മണിക്കൂർ വൈകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഞായറാഴ്ച പുലർച്ചെ 2.30 ന് പുറപ്പെട്ട ബോയിംഗ് 777 വിമാനത്തിലാണ് എലി കാണപ്പെട്ടത്. വിമാനം റൺവേയിൽ ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെയാണ് എലിയെ കണ്ടെത്തിയത്.

തുടർന്ന് പാർക്കിംഗ് ബേയിലേക്ക് മാറ്റിയ വിമാനത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ച് ആറ് മണിക്കൂർ ഫ്യുമിഗേഷൻ നടത്തി. ഇതിനിടെ ജീവനക്കാരുടെ ഡ്യൂട്ടിസമയം കഴിഞ്ഞതിനാൽ പുറപ്പെടാൻ പിന്നെയും മൂന്ന് മണിക്കൂർ കൂടി വൈകി. എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസാൽ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.