എയർ ഇന്ത്യ വിമാനത്തിന്റെ എസി തകരാറിലായി : യാത്രക്കാർക്ക് ദുരിതയാത്ര

Posted on: July 3, 2017

ന്യൂഡൽഹി : എയർ ഇന്ത്യ വിമാനത്തിന്റെ എയർകണ്ടീഷണിംഗ് സംവിധാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർക്ക് ദുരിതയാത്ര. ബാഗ്‌ദോഗ്രയിൽ നിന്നും ഇന്നലെ വൈകുന്നേരം ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട (ഫ്‌ളൈറ്റ് നമ്പർ എഐ-880) വിമാനത്തിലാണ് എസിയുടെ പ്രവർത്തനം നിലച്ചത്. എസി പ്രവർത്തിക്കാത്ത കാര്യം കാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ടേക്ക്ഓഫിന് ശേഷം എല്ലാം ശരിയാകുമെന്നായിരുന്നു മറുപടി. പിന്നെ കൈയിൽ കിട്ടിയ പേപ്പറുകൾ വീശറിയാക്കിയായിരുന്നു പലരുടെയും യാത്ര. സർവീസിന് ഉപയോഗിച്ച എയർബസ് എ-320 വിമാനത്തിന്റെ ഓക്‌സിജൻ മാസ്‌ക്കുകൾ പ്രവർത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്.

എസി തകരാറിലായെങ്കിലും 168 യാത്രക്കാരുമായി കൃത്യസമയത്തു തന്നെ വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തു. രണ്ട് മണിക്കൂർ ദീർഘിച്ച നരകയാത്ര യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഡൽഹിയിൽ എത്തിയപ്പോഴേക്കും പലരും അവശരായിരുന്നു.