പെട്രോൾ-ഡീസൽ വിലമാറ്റം : പെട്രോളിയം മന്ത്രി 14 ന് ചർച്ചനടത്തും

Posted on: June 11, 2017

ന്യൂഡൽഹി : പെട്രോൾ-ഡീസൽ വിലമാറ്റം ദിവസേനയാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ 14 ന് പെട്രോളിയം ഡീലർമാരുമായി ചർച്ചനടത്തും. ഏഴ് സംസ്ഥാനങ്ങളിലെ പെട്രോളിയം ഡീലർമാരുടെ പ്രതിനിധികളെയാണ് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. ജൂൺ 16 മുതൽ എണ്ണക്കമ്പനികളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങില്ലെന്ന് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജയ് ബൻസാൽ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ 57,000 പെട്രോൾ പമ്പുകളിൽ 53,000 എണ്ണവും പൊതുമേഖല എണ്ണക്കമ്പനികളുടെ ചില്ലറവില്പനശാലകളാണ്. രാത്രി 11.59 ന് ആണ് പുതുക്കിയ വിലകൾ എണ്ണക്കമ്പനികൾ പ്രഖ്യാപിക്കുന്നത്. എന്നാൽ എന്നാൽ സ്റ്റോക്ക് പെട്രോളിയം കമ്പനികളെ ധരിപ്പിക്കേണ്ടത് രാവിലെ ആറുമണിക്കുണ്. സ്റ്റോക്കിന്റെ വിലയിൽ വരുന്ന നഷ്ടം പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നാണ് ഡീലർമാരുടെ ആവശ്യം.

അതേസമയം തീരുമാനത്തിൽ പ്രതിഷേധിച്ച് കർണാടകത്തിൽ 15 ന് പെട്രോൾ പമ്പുകൾ അടച്ചിടും. സംസ്ഥാനത്ത് 24 മണിക്കൂർ പെട്രോൾ ബന്ത് ആചരിക്കാനാണ് ആഹ്വനം ചെയ്തിട്ടുളളതെന്ന് കർണാടക സ്‌റ്റേറ്റ് ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ് പ്രസിഡന്റ് എച്ച് എസ് മഞ്ചപ്പ പറഞ്ഞു.