ഖത്തർ യാത്രാവിലക്ക് : ഫിഫ വേൾഡ് കപ്പിനും തിരിച്ചടി

Posted on: June 5, 2017

ദുബായ് : സൗദി ഉൾപ്പടെ നാല് രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാവിലക്ക് 2022 ൽ നടക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് തിരിച്ചടിയായേക്കും. നയതന്ത്രബന്ധങ്ങൾ പുനസ്ഥാപിക്കുകയും യാത്രാവിലക്ക് മാറ്റുകയും ചെയ്തില്ലെങ്കിൽ അറബ് ലോകത്തെ വലിയൊരു വിഭാഗം ഫുട്‌ബോൾ പ്രേമികൾക്ക് മത്സരങ്ങൾ കാണാൻ ദോഹയിൽ എത്താനാവില്ല. വേൾഡ് കപ്പിന് മുന്നോടിയായി നടക്കുന്ന വികസനപ്രവർത്തനങ്ങൾക്കും വിലക്ക് മങ്ങലേൽപ്പിക്കും.

വേൾഡ് കപ്പിന് അഞ്ച് വർഷം അവശേഷിച്ചിരിക്കെ ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം നവീകരിച്ചു കഴിഞ്ഞു. പൂർണമായും ശീതീകരിച്ച സ്റ്റേഡിയത്തിൽ 26 ഡിഗ്രി താപനിലയിലായിരിക്കും മത്സരങ്ങൾ അരങ്ങേറുക. ഫുട്‌ബോൾ പ്രേമികൾക്ക് സ്റ്റേഡിയങ്ങളിൽ എത്തിച്ചേരാൻ മാത്രമായി മെട്രോ ലൈനും നിർമ്മിച്ചുവരികയാണ്. മെട്രോ പൂർത്തിയായാൽ ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ എല്ലാ സ്റ്റേഡിയങ്ങളിലും എത്തിച്ചേരാനാകും.