ഇൻഫോസിസ് പ്രൈസ് അവാർഡുകൾ സമ്മാനിച്ചു

Posted on: January 8, 2017

കൊച്ചി : ഗവേഷണ രംഗത്ത് മികച്ച സംഭാവനകൾ നൽകിയവർക്കായി ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഇൻഫോസിസ് പ്രൈസ് 2016 വിതരണം ചെയ്തു. നോബൽ പ്രൈസ് ജേതാവും റോയൽ സൊസൈറ്റി പ്രസിഡന്റുമായ പത്മവിഭൂഷൻ ഡോ.വെങ്കട്ടരാമൻ രാമകൃഷ്ണൻ അവാർഡുകൾ വിതരണം ചെയ്തു.

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് ഡി. ഷിബുലാൽ, ട്രസ്റ്റിമാരായ എൻ.ആർ. നാരായണമൂർത്തി, മോഹൻദാസ് പൈ, ക്രിസ് ഗോപാലകൃഷ്ണൻ , ശ്രീനാഥ് ബറ്റ്‌നി, കെ. ദിനേശ്, ആർ, ശേഷസായി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എൻജിനിയറിംഗ് ആൻഡ് കംപ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ്, ലൈഫ് സയൻസ്്, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്് എന്നീ ആറ് മേഖലകളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. ഓരോ വിഭാഗത്തിലെയും ജേതാവിന് 65 ലക്ഷം രൂപയും സ്വർണമെഡലും പ്രശംസാഫലകവും അടങ്ങുന്ന പുരസ്‌കാരമാണ് നൽകിയത്.

ഇൻഫോസിസ് പ്രൈസ്  2016 വിജയികളുടെ അസാധാരണ കഴിവുകളെ ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ ഡി. ഷിബുലാൽ പ്രകീർത്തിച്ചു. ശാസ്ത്ര, സാമൂഹിക, സാമ്പത്തിക മേഖലകളിലെ പല വെല്ലുവിളികൾക്കും പരിഹാരം കണ്ടെത്താൻ ഇൻഫോസിസ് പ്രൈസ് ജേതാക്കളുടെ സ്തുത്യർഹമായ ഗവേഷണങ്ങൾക്കു കഴിഞ്ഞു. അതിർത്തികൾക്കും കാലത്തിനും അപ്പുറം ഏവർക്കും പ്രയോജനം ചെയ്യുന്ന ഗവേഷണ സംഭാവനകൾ നൽകിയ ഈ വിജയികളെപ്പറ്റി ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ ഏറെ അഭിമാനം കൊള്ളുന്നതായി ഷിബുലാൽ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്റർ സ്‌പേയ്‌സ് ഫിസിക്‌സ് ലബോറട്ടറി ഡയറക്ടർ ഡോ. അനിൽ ഭരദ്വാജ് (ഭൗതികശാസ്ത്രം) ഉൾപ്പെടെ ആറു പേർക്കാണ് അവാർഡുകൾ ലഭിച്ചത്. പ്ലാനെറ്ററി സയൻസിൽ കരുത്തുറ്റ സംഭാവനകളാണ് അദേഹം നൽകിയിട്ടുള്ളത്. പ്ലാനെറ്ററി എക്‌സ്‌റേയുടെ ഒറിജിൻ ആണ് ശ്രദ്ധേയം. ചന്ദ്രയാൻ- 1, മാഴ്‌സ് ഓർബിറ്റർ മിഷൻ എന്നിവയിൽ അദ്ദേഹം നടത്തിയ പരീക്ഷണവും ശ്രദ്ധേയങ്ങളാണ്. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ (ഐഐഎസ്‌സി) കെമിക്കൽ എൻജിനീയറിംഗ് വിഭാഗം പ്രഫസർ വി. കുമാരൻ ആണ് എൻജിനീയറിംഗ് ആൻഡ് കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ ജേതാവ്.

അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രഫസറും സൗത്ത് ഏഷ്യൻ സ്റ്റഡീസ് മെഹ്‌റ ഫാമിലി പ്രഫസറുമായ സുനിൽ അമൃത് ആണ് ഹ്യുമാനിറ്റിസ് വിഭാഗത്തിലെ അവാർഡ് ജേതാവ്. ഫരീദാബാദ് ട്രാൻസ്‌ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് (ടിഎച്ച്എസ്ടിഐ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഗഗൻ ദീപ് കാംഗിനാണ് ലൈഫ് സയൻസിനുള്ള അവാർഡ്.

മാത്തമാറ്റിക്കൽ സയൻസിനുള്ള അവാർഡ് അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ മാത്തമാറ്റിക്‌സ് വിഭാഗത്തിലെ പ്രഫസർ അക്ഷയ് വെങ്കിടേഷിനാണ്. മോഡേൺ നമ്പർ തിയറിക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പ്രഫ. അക്ഷയ് വെങ്കിടേഷിനെ അവാർഡിനു തെരഞ്ഞെടുത്തത്. സോഷ്യൽ സയൻസസിൽ പ്രൈസ് നേടിയത് പ്രഫ. കല്യാൺ മുൻഷിയാണ്. ബ്രിട്ടനിലെ കേം ബ്രിഡ്ജ് സർവകലാശാലയിലെ എക്കണോമിക് ഫാക്കൽറ്റിയുടെ ഫ്രാങ്ക് റാംസേ ഇക്കണോമിക്‌സ് പ്രഫസറാണ് കല്യാൺ മുൻഷി.

ലഭിച്ച 250 നാമനിർദേശങ്ങളിൽ നിന്നാണ് ആറ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പ്രഫ. പ്രദീപ് കെ. ഖോസ്‌ല, പ്രഫ. അമർത്യസെൻ, ഡോ. ഇന്ദർവർമ, എസ്.ആർ.ശ്രീനിവാസ വരദൻ, പ്രഫ. ശ്രീനിവാസ കുൽക്കർണി, പ്രഫ. കൗഷിക് ബസു എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.