തിരുവനന്തപുരത്തെ ആദ്യ ഹിന്ദ്‌ലാബ്‌സ് ഉദ്ഘാടനം 7 ന്

Posted on: September 5, 2016

Hindlabs-Big

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ് കെയറിന്റെ കീഴിലുള്ള ഹിന്ദ്‌ലാബ്‌സ് ഡയഗ്നോസ്റ്റിക് സെന്റർ ആൻഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്ക് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിന് എതിർവശത്തുള്ള ട്രിഡ സോപാനം കോംപ്ലക്‌സിൽ സെപ്റ്റംബർ ഏഴിന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന ചടങ്ങിൽ പുതുതായാരംഭിക്കുന്ന വാക്‌സിൻ യൂണിറ്റിന്റെ ഉദ്ഘാടനവും ടാക്‌സി- ഓട്ടോറിക്ഷാ ഡ്രൈവർമാർക്കുള്ള സൗജന്യ കാർഡുകളുടെ വിതരണവും ആരോഗ്യമന്ത്രി നിർവഹിക്കും. മെഡിക്കൽ കോളേജ് പരിസരത്ത് ഓടുന്ന ഓട്ടോറിക്ഷാ-ടാക്‌സികളുടെ ഡ്രൈവർമാർക്ക് സൗജന്യമായി രക്തപരിശോധന നടത്തുന്നതിനാണ് കാർഡുകൾ നൽകുന്നത്.

ചടങ്ങിൽ ദേവസ്വം-വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്‌പെഷ്യാലിറ്റി ഒപി ക്ലിനിക്കും ശശി തരൂർ എംപി ടെലി റേഡിയോളജി ഹബും കെ. മുരളീധരൻ എംഎൽഎ ഹിന്ദ് ലാബ്‌സ് ഫാർമസിയും നഗരസഭ പട്ടം വാർഡ് കൗൺസിലർ രമ്യ സുരേഷ് സാറ്റലൈറ്റ് ബ്ലഡ് കളക്ഷൻ സെന്ററും ഉദ്ഘാടനം ചെയ്യും. എച്ച്.എൽ.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. പി. ഖണ്‌ഡേൽവാൽ ഹിന്ദ്‌ലാബ്‌സ് പ്രവർത്തനം വിശദീകരിക്കും. മാർക്കറ്റിംഗ് ഡയറക്ടർ ഡോ. ബാബു തോമസ് സ്വാഗതവും ടെക്‌നിക്കൽ ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ഇ. എ. സുബ്രഹ്മണ്യൻ നന്ദിയും പറയും.

രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകുന്നേരം നാലു മുതൽ രാത്രി എട്ടുമണി വരെയും വിദഗ്ധഡോക്ടർമാരുടെ കീഴിൽ ജനറൽ മെഡിസിൻ, ഡയബറ്റോളജി, ഇഎൻടി, ഗ്യാസ്‌ട്രോ എൻട്രോളജി, നെഫ്രോളജി, ഓഫ്താൽമോളജി, പൾമണോളജി, കാർഡിയോളജി, ഡെർമറ്റോളജി, പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്‌സ് എന്നീ വിഭാഗങ്ങളിലാണ് ക്ലിനിക്കുകളുള്ളത്. ഹിന്ദ് ലാബ്‌സിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിൽ സ്വകാര്യ ലാബുകളെക്കാൾ 30 മുതൽ 60 ശതമാനം വരെ കുറഞ്ഞ നിരക്കിൽ പരിശോധനകൾ നടത്താം.

വാക്‌സിനേഷൻ സെന്ററിൽ സർക്കാരിന്റെ സാർവത്രിക പ്രതിരോധ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാക്കും. വാക്‌സിനേഷൻ സെന്ററിൽ പെന്റാവാലന്റ് വാക്‌സിൻ, ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ, ടെറ്റനസ് ടോക്‌സോയ്ഡ് വാക്‌സിൻ, റാബിസ് വാക്‌സിൻ എന്നിവ തുടക്കത്തിൽ ലഭ്യമാക്കും. ഇന്ത്യൻ പീഡിയാട്രിക് അസോസിയേഷൻ സ്വകാര്യമേഖലക്കു നൽകിയ ശുപാർശകൾക്കനുസൃതമായാണിത്. പരിചയ സമ്പന്നരായ ശിശുരോഗ വിദഗ്ധൻ, നഴ്‌സുമാർ എന്നിവരുടെ സേവനവും ഇവിടെ ലഭ്യമാണ്.

ഹിന്ദ് ലാബ്‌സിലെ റേഡിയോളജി റിപ്പോർട്ടിംഗ് ഹബിൽ വിദഗ്ധരായ റേഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിലുള്ള ടെലി റേഡിയോളജി സർവീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഈ സംവിധാനം ലഭ്യമാക്കിയ സ്ഥാപനങ്ങളിലൊന്നായ ഹിന്ദ്‌ലാബ്‌സിനെ പൊതു-സ്വകാര്യ ആരോഗ്യമേഖലയിലെ ആശുപത്രികളടക്കം നിരവധി സ്ഥാപനങ്ങൾ ആശ്രയിക്കുന്നുണ്ട്. ഹിന്ദ്‌ലാബ്‌സിൽ നടത്തുന്ന റേഡിയോളജി പരിശോധനാഫലം വിദൂരകേന്ദ്രങ്ങളിലെ വിദഗ്ധർക്കും തത്സമയം പരിശോധിക്കാൻ കഴിയും.

തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് 20 ഹോം ബ്ലഡ് കളക്ഷൻ സെന്ററുകളും സാറ്റലൈറ്റ് ലാബുകളും മൂന്നു മാസത്തിനകം സജ്ജീകരിച്ച് ഹിന്ദ്‌ലാബ്‌സിന്റെ സേവനം വ്യാപിപ്പിക്കും. സീനിയർ സിറ്റിസൺ ഹെൽത്ത് ചെക്കപ്പ്, ജനറൽ ഹെൽത്ത് ചെക്കപ്പ്, ചൈൽഡ് ഹെൽത്ത് ചെക്കപ്പ് തുടങ്ങിയ ആരോഗ്യ പരിശോധനാ പാക്കേജുകളും ലഭ്യമാണ്.