ജിദ്ദയിൽ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

Posted on: May 30, 2016

Lulu-Jeddah-inauguration-29

ജിദ്ദ : ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് സൗദി അറേബ്യയിലെ ജിദ്ദയിൽ തുറന്നു. ജിദ്ദ-മക്ക എക്‌സ്പ്രസ് പാതയിൽ അമീർഫവാസ് പ്രദേശത്തെ ഇവന്റ് മാളിൽ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ജിദ്ദയിലെ ലുലുവിന്റെ ആദ്യ ശാഖ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.

മുൻ സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മകൻ സൗദ് ബിൻ അബ്ദുള്ള രാജകുമാരനും ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഉപാധ്യക്ഷൻ മാസെൻ മുഹമ്മദ് ബാട്ടർജിയും ചേർന്ന് ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജിദ്ദയിലെ യുഎഇ കോൺസൽ ജനറൽ ആരിഫ് അലി അൽ ടബൂർ അൽ നുഐമി, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി എന്നിവരുൾപ്പടെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ലുലു ഗ്രൂപ്പിന്റെ 125 മത്തെയും സൗദിയിലെ ഏഴാമത്തെയും ശാഖയാണിത്.

രണ്ട് വർഷത്തിനകം 18 കോടി റിയാൽ (324 കോടി രൂപ) ആണ് സൗദിയിൽ നിക്ഷേപിക്കാൻ ഉദേശിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ഇതോടെ സൗദിയിലെ ലുലുവിന്റെ നിക്ഷേപം 1.8 ബില്യൺ റിയാലായി വർധിക്കും. നിലവിൽ റിയാദിൽ മൂന്നും അൽകോബാർ, ജുബൈൽ, ദമാം എന്നിവിടങ്ങളിൽ ഒന്നു വീതവും ഹൈപ്പർമാർക്കറ്റുകളാണുള്ളത്. ഈ വർഷം തന്നെ ജിദ്ദയിലെ ബുറൈമാൻ, ഹായിൽ, ഹഫൂഫ് എന്നിവിടങ്ങളിലും പുതിയ ശാഖകൾ തുറക്കും. 2018 ന് മുമ്പ് മക്ക, മദീന എന്നിവിടങ്ങളിൽ ഉൾപ്പടെ എട്ട് പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി തുടങ്ങാനും പരിപാടിയുണ്ടെന്ന് അദേഹം പറഞ്ഞു.

Lulu-jeddah-125--inaug-Big

പുതിയ ലുലു ഹൈപ്പർമാർക്കറ്റിലെ 37 കൗണ്ടറുകളിലും സൗദി യുവാക്കളെയാണ് നിയമിച്ചിട്ടുള്ളത്. മൊത്തമുള്ള 800 ലേറെ ജീവനക്കാരിൽ 25 ശതമാനം പേർ സ്വദേശി വനിതകളാണ്. നിലവിൽ സൗദിയിലെ ലുലുശാഖകളിൽ 1700 സ്വദേശികളാണ് ജോലിചെയ്യുന്നത്. രണ്ട് വർഷത്തിനകം ഇത് 5,000 മായി വർധിപ്പിക്കുമെന്നും അദേഹം വ്യക്തമാക്കി.

ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷറഫലി, സിഇഒ സെയ്ഫി രൂപവാല, സിഒഒ വി.ഐ. സലീം, ഡയറക്ടർ മുഹമ്മദ് അൽത്താഫ്, റീജണൽ ഡയറക്ടർ മുഹമ്മദ് മുസ്തഫ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.