കണ്ണൂരിലും കോഴിക്കോട്ടും ആസ്റ്റർ മിംസ് മൾട്ടി സ്‌പെഷാലിറ്റി ആശുപത്രികൾ

Posted on: May 6, 2016

Aster-MIMS-Logo-Big

കോഴിക്കോട് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഭാഗമായ ആസ്റ്റർ മിംസ് കണ്ണൂരിലും കോഴിക്കോട്ടും പുതിയ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രികൾ തുടങ്ങുന്നു. കണ്ണൂർ ചാലയിലും, കോഴിക്കോട്ട് പന്തീരാങ്കാവ് ദേശീയപാതയിലും നിർമാണം ആരംഭിച്ച ആശുപത്രികൾ രണ്ടു വർഷത്തിനകം പ്രവർത്തനസജ്ജമാകുമെന്ന് ആസ്റ്റർ മിംസ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിലവിൽ കോഴിക്കോട്ടും കോട്ടയ്ക്കലുമാണ് ആസ്റ്റർ മിംസിന് ആശുപത്രികളുള്ളത്. കണ്ണൂരിലെ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിക്ക് 250 കിടക്കകൾ ഉണ്ടാകും. 300 കിടക്കകളുള്ള ആസ്റ്റർ മിംസ് കോഴിക്കോട് സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയിൽ, ക്രിട്ടിക്കൽ കെയർ, ന്യൂറോ സർജറി, ഓർത്തോപീഡിക്‌സ്, കാർഡിയോളജി വിഭാഗങ്ങൾക്കായിരിക്കും മുൻഗണന. കൂടാതെ കോഴിക്കോട് ആസ്റ്റർ മിംസിൽ പുതിയൊരു ബ്ലോക്കും നിർമിക്കും. സമഗ്ര ആരോഗ്യ പരിശോധനാ കേന്ദ്രം, അഡ്വാൻസ്ഡ് റഫറൽ ലബോറട്ടറി, വിദേശ രോഗികൾക്കുള്ള ലോഞ്ച്, കൂട്ടിരിപ്പുകാർക്കായി 75 കിടക്കകളുള്ള താമസ സൗകര്യം തുടങ്ങിയവ പുതിയ ബ്ലോക്കിലുണ്ടാകും.

മിംസിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി കുറഞ്ഞ ചെലവിൽ ഹൃദയ ശസ്ത്രക്രിയയും സാധാരണക്കാർക്ക് പ്രാപ്യമാകുംവിധം കുറഞ്ഞ ചെലവിൽ ചികിത്സയും നടപ്പാക്കുമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇതിനായി 0495- 3091196 നമ്പറിൽ ബന്ധപ്പെടണം. റേഡിയോളജി, അടിയന്തര വൈദ്യസഹായം, രോഗനിർണയം, മറ്റു ചികിത്സകൾ എന്നിവയ്ക്കാണ് കുറഞ്ഞ നിരക്കിലെ ചികിത്സ ലഭിക്കുക. സിഇഒ ഡോ. രാഹുൽ ആർ. മേനോനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.