സംരംഭകന് മന:ക്കരുത്ത് ഉണ്ടാകണം : കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

Posted on: April 28, 2016

Kochouseph-Chittilappilly-B

കൊച്ചി : ബിസിനസിൻറെ ഉയർച്ചയും താഴ്ച്ചയും നേരിടാനുള്ള മന:ക്കരുത്ത് സംരംഭകന് അത്യന്താപേക്ഷിതമാണെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. കേരള മാനേജ്‌മെൻറ് അസോസിയേഷൻ സംഘടിപ്പിച്ച സ്‌ക്രിപ്റ്റിംഗ് മൈ സ്റ്റോറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രേഡ് യൂണിയനുകൾ ഉയർത്തിയ വെല്ലുവിളികളും തൊഴിൽ പ്രശ്‌നങ്ങളും അതിനെ നേരിട്ട രീതികളും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വിശദീകരിച്ചു. ട്രേഡ് യൂണിയൻ ഭീഷണി നേരിടാൻ കോയമ്പത്തൂർ, ഉത്തരാഖണ്ഡ്, സിക്കിം, ഹിമാചൽ എന്നിവിടങ്ങളിൽ യൂണിറ്റ് തുടങ്ങേണ്ടി വന്ന കാര്യം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അനുസ്മരിച്ചു. അത് കൊണ്ട് മാത്രം ഒൻപത് പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

വി ഗാർഡ് ഗ്രൂപ്പിൻറെ വളർച്ചയുടെയും വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയുടെയും വീഗാലാൻഡ് ഡവലപ്പെഴ്‌സിന്റെയും വിജയ കഥകളും അദ്ദേഹം വിശദീകരിച്ചു.

കെ എം എ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിവേക് കൃഷ്ണ ഗോവിന്ദ്, മാനേജിംഗ് കമ്മിറ്റിയംഗം സുനിൽ സക്കറിയ, ഓണററി സെക്രട്ടറി സി എസ് കർത്ത എന്നിവരും പങ്കെടുത്തു.