സിയാൽ ഡ്യൂട്ടീ ഫ്രീയിൽ ഓണം ഷോപ്പിംഗ് ഉത്സവം

Posted on: August 22, 2014

Cial-dutyfree-B

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ഡ്യൂട്ടി ഫ്രീഷോപ്പിൽ ഓണം ഷോപ്പിംഗ് ഉത്സവം ആരംഭിച്ചു. രണ്ടുകോടി രൂപയുടെ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോണ്ട കാർ, കാഷ് ഡിസ്‌കൗണ്ട് ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുമെന്ന് എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ പത്രസമ്മേളനത്തിൽ പറഞ്ഞു.

നടപ്പു സാമ്പത്തിക വർഷം 155.55 കോടി രൂപ വിറ്റുവരവ് പ്രതീക്ഷിക്കുന്നു. 2013-14ൽ ഡ്യൂട്ടിഫ്രീയിൽ നിന്നുള്ള വരവ് 138.41 കോടി രൂപയായിരുന്നു. 2021-22 ൽ വിറ്റുവരവ് 422 കോടി രൂപയാക്കാനാണ് സിയാൽ ലക്ഷ്യമിട്ടിട്ടുള്ളത്. സ്വാതന്ത്ര്യദിനത്തിൽ മാത്രം 73 ലക്ഷം രൂപയുടെ (1.2 ലക്ഷം ഡോളർ) കച്ചവടം ഇവിടെ നടന്നു.

ഡ്യൂട്ടിഫ്രീഷോപ്പിന്റെ വികസനത്തിനും സാധനങ്ങളുടെ ലഭ്യതയ്ക്കും ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനും സിയാൽ പുതിയ സൗകര്യങ്ങൾ ഒരുക്കുന്നതായി എ.സി.കെ. നായർ അറിയിച്ചു. 42,000 ചതുരശ്ര അടി വിസ്തീർണമുള്ള ഡ്യൂട്ടി ഫ്രീ ഗോഡൗൺ പുതുതായി ഉണ്ടാക്കിയിട്ടുണ്ട്. 14 കോടി രൂപയാണ് ഇതിനു ചെലവഴിച്ചത്. മൂന്നു മാസത്തെ വിൽപനയ്ക്കുള്ള സാധനങ്ങൾ ഇതിൽ സൂക്ഷിക്കാൻ കഴിയും. ഓരോ സാധനങ്ങളും കേടുവരാതെ നിശ്ചിത ഊഷ്മാവിൽ വയ്ക്കാനുള്ള സൗകര്യവുമുണ്ട്.

നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ അന്താരാഷ്ട്ര ടെർമിനലിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ വിസ്തീർണം 35,000 ചതുരശ്ര അടിയായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ പറഞ്ഞു. 25,000 ചതുരശ്ര അടി അറൈവൽ ഭാഗത്തും 10,000 അടി ഡിപ്പാർച്ചർ ഭാഗത്തുമായിരിക്കും. വരുന്ന യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നടുവിലൂടെ പോകാവുന്ന സൗകര്യം ഉണ്ടാകും. പത്രസമ്മേളനത്തിൽ ജനറൽ മാനേജർ സുനിൽ ചാക്കോ, സീനിയർ മാനേജർ ജേക്കബ് ഏബ്രഹാം എന്നിവരും സംബന്ധിച്ചു.