ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ അവാർഡുകൾ സമ്മാനിച്ചു

Posted on: February 14, 2016

Infosys-Prize's-winners-febകൊച്ചി : ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിലെ മികച്ച ഗവേഷണത്തിനും സംഭാവനയ്ക്കും നൽകുന്ന അവാർഡുകൾ ന്യുഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിച്ചു. ഒരു ലക്ഷം ഡോളറും ( 65 ലക്ഷം രൂപ) സ്വർണമെഡലും സർട്ടിഫിക്കറ്റുമാണ് അവാർഡ്.

ബംഗലുരു ജവാഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസേർച്ചിലെ തിയററ്റിക്കൽ സയൻസസ് പ്രഫ. ഉമേഷ് വാഗ്‌മേർ ( എൻജിനീയറിംഗ് ആൻഡ് കംപ്യൂട്ടർ സയൻസ്), ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി ഫിലോസഫി പ്രഫ. ജോനാർദൻ ഗനേറി (ഹ്യൂമാനിറ്റീസ്), ന്യൂഡൽഹി ഇന്റർനാഷണൽ സെന്റർ ഫോർ ജെനറ്റിക് എൻജിനീയറിംഗ് ആൻഡ് ബയോടെക്‌നോളജി തലവൻ ഡോ അമിത് ശർമ ( ലൈഫ് സയൻസസ്), മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ച് പ്രഫ. മഹാൻ എംജെ ( മാത്തമാറ്റിക്‌സ്), മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ച് സീനിയർ പ്രഫ. ജി രവീന്ദ്ര കുമാർ ( ഫിസിക്‌സ്), ഡൽഹി സെന്റർ ഫോർ പോളിസി റിസേർച്ച് സീനിയർ ഫെലോ ഡോ. ശ്രീനാഥ് രാഘവൻ ( സോഷ്യൽ സയൻസ്) എന്നിവരാണ് അവാർഡ് ജേതാക്കൾ.

കാലിഫോർണിയ യൂണിവേഴ്‌സിറ്റി ചാൻസലർ പ്രദീപ് കെ ഖോസ്‌ല, പ്രഫ. അമർത്യ സെൻ, സാക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഡോ. ഇന്ദർ വർമ, ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രഫ. ശ്രീനിവാസ എസ് ആർ വർധൻ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രഫ. ശ്രീനിവാസ് കുൽക്കർണി, ലോകബാങ്കിലെ പ്രഫ. കൗശിക് ബസു എന്നിവരടങ്ങിയ ജൂറി 206 എൻട്രികളിൽനിന്നാണ് ഇത്തവണത്തെ അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ ബോർഡ് പ്രസിഡന്റ് എസ് ഡി ഷിബുലാൽ, മറ്റു ട്രസ്റ്റിമാരായ എൻ ആർ നാരായണമൂർത്തി, മോഹൻദാസ് പൈ, ക്രിസ് ഗോപാലകൃഷ്ണൻ, ശ്രീനാഥ് ബട്‌നി, കെ ദിനേശ്, ഇൻഫോസിസ് ചെയർമാൻ ആർ ശേഷസായി തുടങ്ങിയവർ പങ്കെടുത്തു.

ഇൻഫോസിസിന്റെ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ ചേർന്ന് 2009-ൽ സ്ഥാപിച്ച ഇൻഫോസിസ് സയൻസ് ഫൗണ്ടേഷനാണ് ഇൻഫോസിസ് പ്രൈസ് സമ്മാനിക്കുന്നത്. ഇതിനായി 130 കോടി രൂപയുടെ ഫണ്ടും ഫൗണ്ടഷനിൽ ലഭ്യമാക്കിയിട്ടുണ്ട്.