പാറോത്ത് മുഹമ്മദിന്റെ കുടുംബത്തിന് സ്‌നേഹസ്പർശവുമായി എം. എ. യൂസഫലി

Posted on: December 20, 2015

Lulu-Group-Helping-Paroth-M

കണ്ണൂർ : തളിപ്പറമ്പിനടുത്ത് പരിയാരം പഞ്ചായത്തിലെ കാരോട് പാറോത്ത് വീട്ടിൽ മുഹമ്മദ് – കുഞ്ഞിമറിയം ദമ്പതികൾക്കും രോഗം ബാധിച്ച നാലു മക്കൾക്കുമാണ് സ്വപ്നതുല്യമായ കൈതാങ്ങുമായി പ്രമുഖ വ്യവസായി  ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ എം. എ. യൂസഫലിയുടെ സഹായമെത്തിയത്. തീർത്തും നിർധനരായ ഈ കുടുംബത്തിന് 50 ലക്ഷം രൂപയുടെ സഹായമാണ് യൂസഫലി നൽകിയത്.

വളരെ ചെറൂപ്പത്തിൽ തന്നെ നാലു മക്കൾക്കും പിടിപെട്ട അപൂർവ രോഗത്തിന്റെ ദുരിതം മുഹമ്മദിന്റെ ജീവിതം തളർത്തി. ചികിത്സയ്ക്ക് പോകാത്ത ആശുപത്രികൾ ഇല്ല. ഏഴു മക്കളിൽ നാലുപേരുടേയും എല്ലുകൾക്ക് ദിവസവും ബലക്ഷയം സംഭവിച്ച് ഇരിക്കാൻ പോലും ആകാത്ത അവസ്ഥ. മക്കളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ സമ്പാദ്യം മുഴുവൻ ചിലവഴിച്ചിട്ടും രോഗത്തിന് മാത്രം അവസാനമായില്ല. ദുരിതങ്ങൾ ഏറിവന്നു.

യൗവനാരംഭം വരെ ഓടിക്കളിച്ച സത്താറിന് (46) പരസഹായം ഇല്ലാതെ പുറംലോകം കാണാൻ സാധ്യമല്ല. തൊട്ടടുത്ത സഹോദരൻ ഉസ്മാൻ (31) 10-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൈകാലുകൾക്ക് തളർച്ച അനുഭവപ്പെടുകയും ക്രമേണ ശരീരത്തിലെ എല്ലാ ഭാഗത്തേക്കും ഇത് വ്യാപിക്കുകയും ചെയ്തു. രണ്ട് സഹോദരിമാരിൽ നഫീസ (46) എൽ.പി. സ്‌കൂളിൽ പഠിക്കുമ്പോഴാണ് അരക്ക് താഴെ മുഴുവനും തളർന്ന് രോഗത്തിന് ഇരയായത്. നഫീസക്ക് പല ചികിത്സകളും നൽകിയെങ്കിലും ഫലം കണ്ടില്ല എന്ന് വന്നപ്പോൾ ചികിത്സ നിറുത്തി. മറ്റൊരു മകൾ റസിയ (41) 10-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ കാൽമുട്ടിന് താഴെ തളർച്ചയിലേക്കെത്തിയ പരസഹായം ഇല്ലാതെ ചലിക്കാൻ സാധിക്കില്ല.

Lulu-Group-Donate-House-to-

മക്കളുടെ അസുഖവും ജീവിത പ്രയാസങ്ങളും കാണിച്ച് മുഹമ്മദും കുഞ്ഞിമറിയവും എഴുതിയ കത്ത് ശ്രദ്ധയിൽപ്പെട്ട എം.എ. യൂസഫലി ഇവരെക്കുറിച്ച് അന്വേഷിച്ച് സഹായിക്കുവാൻ ലുലുഗ്രൂപ്പിന്റെ പ്രതിനിധികളെ ചുമതലപ്പെടുത്തി. വാഹനം പോലും എത്താത്ത ചെറിയ വീട്ടിൽ നിന്ന് ഇവരെ മാറ്റി പാർപ്പിക്കാൻ 15 ലക്ഷം രൂപ ചെലവിട്ട് 10 സെന്റ്ഭൂമി വാങ്ങി എല്ലാ സൗകര്യങ്ങളുമുള്ള വീടും നിർമ്മിച്ചു. ഇതിന് മാത്രം 25 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു. വീട്ടിൽ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും വാങ്ങി നൽകി.

വീടിന്റെ താക്കോൽ കൈമാറാൻ വ്യാഴാഴ്ച എം.എ. യൂസഫലിയുടെ ഇവർക്കുള്ള പ്രത്യേക സമ്മാനവുമായിട്ടാണ് ലുലുവിലെ പ്രതിനിധികൾ എത്തിയത്. നാലു മക്കളുടേയും പേരിൽ നിക്ഷേപിച്ച 10 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപത്തിന്റെ ഡ്രാഫ്റ്റുകൾ അൽ-ഐൻ ലുലുഗ്രൂപ്പ് പബ്ലിക് റിലേഷൻസ് മാനേജർ മുഹമ്മദ് ഉമ്മർ, ലുലുഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി സ്വരാജ് എന്നിവർ ചേർന്ന് കൈമാറി. എല്ലാ മാസവും 7000 രൂപ വീതം ഇവർക്ക് ലഭിക്കുന്ന രീതിയിലാണ് ബാങ്കിലെ നിക്ഷേപം. ചുടല ജുമാ മസ്ജിദ് കമ്മിറ്റിയാണ് വീട് നിർമ്മാണത്തിന് മേൽനോട്ടം നിർവഹിച്ചത്.