ക്ലീൻ ഇന്ത്യ ക്ലീൻ സ്‌കൂൾസ് പദ്ധതിയുമായി മഹീന്ദ്ര

Posted on: August 12, 2015

Mahindra-Clean-Schools-Toil

കൊച്ചി : സ്വച്ച് ഭാരത് സ്വച്ച് വിദ്യാലയ പദ്ധതി പ്രകാരം മഹീന്ദ്ര ഗ്രൂപ്പ് രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 104 ജില്ലകളിലെ 1171 ലൊക്കേഷനുകളിലായി 3784 ടോയ്‌ലറ്റുകൾ നിർമിച്ചു കൈമാറി. ഏതാനു ദിവസങ്ങൾക്കുളളിൽ 556 ടോയ്‌ലെറ്റുകൾ കൂടി പൂർത്തിയാകും. ഇതോടെ കമ്പനി നിർമിച്ച ടോയ്‌ലറ്റുകളുടെ എണ്ണം 4340 ആയി ഉയരുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോർഡ് അംഗവും എച്ച്ആർ ആൻഡ് കോർപറേറ്റ് സർവീസസ് ഗ്രൂപ്പ് പ്രസിഡന്റുമായ രാജീവ് ദുബെ അറിയിച്ചു.

ക്ലീൻ ഇന്ത്യ ക്ലീൻ സ്‌കൂൾസ് എന്ന ദേശീയ നിർമലീകരണ പ്രചാരണപരിപാടിയുടെ ഭാഗമായിട്ടാണ് മഹീന്ദ്ര സ്‌കൂളുകളിൽ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നത്. രാജ്യത്തെ എല്ലാ സ്‌കൂളുകളിലും നല്ല രീതിയിൽ പ്രവർത്തിക്കുന്ന, ടോയ്‌ലെറ്റുകൾ നിർമിച്ചു ശുചിയായി പ്രവർത്തിപ്പിച്ചു കൊണ്ടുപോകുന്നതു ലക്ഷ്യമിട്ടുളളതാണ് ക്ലീൻ ഇന്ത്യ ക്ലീൻ സ്‌കൂൾസ് പ്രചാരണ പരിപാടി.

അഞ്ചു വ്യത്യസ്ത യൂണിറ്റുകൾ അടങ്ങിയ ടോയ്‌ലറ്റുകളാണ് മഹീന്ദ്ര പെൺകുട്ടികളുടെ സ്‌കൂളുകളിൽ നിർമിച്ചിട്ടുളളത്. ഭിന്നശേഷിയുളളവരുടെ ആവശ്യങ്ങളും കണക്കിലെടുത്താണ് ഇവ നിർമിച്ചിട്ടുളളത്. കമ്പനി സ്ഥാപിച്ച ടോയ്‌ലെറ്റുകളിൽ നല്ലൊരു പങ്കും ഗ്രാമീണ സ്‌കൂളുകളിലാണ്. പ്രാദേശികമായ നിർമാണ വസ്തുക്കളും മനുഷ്യശേഷിയുമുപയോഗിച്ചാണ് ഇവയിൽ നല്ലൊരു പങ്കും നിർമിച്ചിട്ടുളളതെന്ന് ദുബെ പറഞ്ഞു.

ടോയ്‌ലെറ്റിൽ വെള്ളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കൽ, മലിനജല ശുദ്ധീകരണം തുടങ്ങിയവയും കണക്കിലെടുത്താണ് ടോയ്‌ലെറ്റ് രൂപകല്പന ചെയ്തിട്ടുളളത്. അടുത്ത ഒരു വർഷത്തേയ്ക്കു കമ്പനി ഈ ടോയ്‌ലറ്റുകളുടെ പ്രവർത്തനം കൈകാര്യം ചെയ്യുന്നതിനൊപ്പം ഇവ വൃത്തിയായി സൂക്ഷിക്കുന്നതുൾപ്പെടെയുളള കാര്യങ്ങളെക്കുറിച്ചു ബോധവത്കരണപരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.