എം എ യൂസഫലി കിയാൽ ഡയറക്ടർ ബോർഡ് അംഗം

Posted on: July 16, 2015

Yusuf-Ali-M-A-may-2015-Big

തിരുവനന്തപുരം : പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലിയെ കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാൽ) ഡയറക്ടറായി നിയമിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായ കിയാൽ ഡയറക്ടർ ബോർഡ് യോഗമാണ് യൂസഫലിയെ ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചത്. കണ്ണൂർ വിമാനത്താവള കമ്പനിയിൽ ആറു ശതമാനം ഓഹരി പങ്കാളിത്തമാണ് യൂസഫലിക്കുള്ളത്.

എയർ ഇന്ത്യ ഡയറക്ടർ ബോർഡ് മുൻ അംഗം, എയർ കേരള ബോർഡ് അംഗം, കൊച്ചി വിമാനത്താവളത്തിന്റെ സ്ഥാപക ഡയറക്ടർ ബോർഡ് അംഗം (10 ശതമാനം ഓഹരി) എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്ന എം എ യൂസഫലിയുടെ വൈദഗ്ധ്യം കണ്ണൂർ വിമാനത്താവളത്തിനു മുതൽക്കൂട്ടാകുമെന്ന് ഡയറക്ടർ ബോർഡ് പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തിന്റെ സ്വന്തം ബാങ്കുകളായ ഫെഡറൽ ബാങ്ക് (4.97 ശതമാനം), കാത്തലിക് സിറിയൻ ബാങ്ക് (4.98 ശതമാനം), ധനലക്ഷ്മി ബാങ്ക് (4.90 ശതമാനം), സൗത്ത് ഇന്ത്യൻ ബാങ്ക് (3.7 ശതമാനം) എന്നിവയിലും യൂസഫലിക്ക് ഓഹരി പങ്കാളിത്തമുണ്ട്.