ബോംബ് ഭീഷണി : ജെറ്റ്എയർവേസ് വിമാനം മസ്‌ക്കറ്റിൽ ഇറക്കി

Posted on: July 10, 2015

Jet-Airways-Flight-on-groun

ദുബായ് : മുംബൈയിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട ജെറ്റ് എയർവേസ് വിമാനം ((9W536) ബോംബ് ഭീഷണിയെ തുടർന്ന് മസ്‌ക്കറ്റ് വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.

ഉച്ചയ്ക്ക് 12.46 നാണ് വിമാനം മുംബൈയിൽ നിന്നും പുറപ്പെട്ടത്. വൈകാതെ സുരീന്ദർ പ്രതാപ് എന്ന ആളുടെ ട്വിറ്റർ അക്കൗണ്ടിലാണ് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം കണ്ടെത്തിയത്. ഉടനെ തന്നെ ഏറ്റവും അടുത്ത വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു.

ഉച്ചകഴിഞ്ഞ് 2.50 ന് വിമാനം മസ്‌ക്കറ്റ് എയർപോർട്ടിൽ ലാൻഡ് ചെയ്തു. ആളൊഴിഞ്ഞ ഭാഗത്തേക്ക് വിമാനം മറ്റിയ ശേഷം ഒമാൻ സുരക്ഷാ സേന വിശദമായി പരിശോധിച്ചു. പത്ത് മിനിട്ട് നേരത്തേക്ക് മസ്‌ക്കറ്റ് വിമാനത്താവളം അടച്ചിട്ടു.

സംശയകരമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ ഒമാൻ സുരക്ഷാ ഏജൻസികൾ യാത്ര തുടരാൻ അനുമതി നൽകി. വിമാനം ഒമാൻ സമയം 7.45 ന് മസ്‌ക്കറ്റിൽ നിന്നും ടേക്ക്ഓഫ് ചെയ്തതായി ജെറ്റ് എയർവേസ് ജനറൽ മാനേജർ റിയാസ് കുട്ടേരി പറഞ്ഞു.