കേരളത്തില്‍ ഐടി മേഖലയില്‍ മികവിന്റെ കേന്ദ്രമൊരുക്കാനൊരുങ്ങി ഫെബ്നോ ടെക്നോളജീസ്

Posted on: September 15, 2021

കോഴിക്കോട് : മുന്‍നിര കമ്പനികള്‍ക്ക് ഐടി- ഐടി അധിഷ്ഠിത സേവനമൊരുക്കുന്നതില്‍ പ്രമുഖരായ ഫെബ്നോ ടെക്നോളജീസ് കേരളത്തില്‍ മികവിന്റെ കേന്ദ്രമൊരുക്കുന്നു. മലപ്പുറം കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കിലെ സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറിയിലാകും സെന്റര്‍ തുടങ്ങുക. കിന്‍ഫ്ര പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.രാജീവ് ഫെബ്നോ ടെക്നോളജീസ് അധികൃതര്‍ക്ക് സമ്മതപത്രം കൈമാറി. ഇരുപതിനായിരം ചതുരശ്ര അടി സ്ഥലത്ത് നാല് ഘട്ടങ്ങളിലായാവും സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുക.

ക്ലൗഡ് ആന്റ് സെക്യൂരിറ്റി, എന്റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍, മൊബിലിറ്റി, വെബ്, ഇ-കൊമേഴ്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, നൈപുണ്യ വികസനം, വിദ്യാഭ്യാസം, സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍ തുടങ്ങി വിവിധ മേഖലകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് സെന്റര്‍ ഫോര്‍ എക്സലന്‍സിന്റെ ലക്ഷ്യം. സാങ്കേതികവിദ്യയില്‍ സ്ത്രീകളുടെ ഭാഗത്തു നിന്നുള്ള നൂതന ആശയങ്ങളെയും കണ്ടുപിടുത്തങ്ങളേയും പരിപോഷിപ്പിക്കാന്‍ ‘വിന്‍ടെക് സ്പേസ്’ എന്ന പദ്ധതിയും സെന്റര്‍ ഫോര്‍ എക്സലന്‍സ് വിഭാവനം ചെയ്യുന്നുമെന്ന് ഫെബ്നോ ടെക്നോളജീസ് ഗ്രൂപ്പ് എംഡി മുഹമ്മദ് അഷീര്‍ പറഞ്ഞു. കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരുന്നൂറ്റി അമ്പതിലേറെ തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

2009 ല്‍ ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയ ഫെബ്നോ ഗള്‍ഫ് മേഖലയിലെ നിരവധി കമ്പനികള്‍ക്കാണ് ഐടി അനുബന്ധ സേവനം ലഭ്യമാക്കുന്നത്. സാങ്കേതിക വിദ്യയിലൂന്നി ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന കോടികള്‍ മുതല്‍ മുടക്കുള്ള പദ്ധതികളുടെ ഔട്ട്സോഴ്സിംഗ് ഹബ്ബായി സെന്‍ര്‍ ഫോര്‍ എക്സലന്‍സ് മാറുമെന്ന് കമ്പനിയുടെ മിഡില്‍ ഈസ്റ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ അഫ്സല്‍ അലി അറിയിച്ചു. ഏഷ്യാ പസഫിക്, മിഡില്‍ ഈസ്റ്റ് മേഖലയില്‍ മൈക്രോസോഫ്റ്റ് ഗോള്‍ഡ് പാര്‍ട്നര്‍, ഗൂഗിള്‍ ക്ലൗഡ് പാര്‍ട്ണര്‍ അംഗീകാരമുള്ള കമ്പനിയാണ് ഫെബ്നോ ടെക്നോളജീസ്.

 

TAGS: Febno |