പ്രവാസി ചിട്ടി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും

Posted on: April 24, 2019

ദുബായ് : കെ. എസ്. എഫ്. ഇ. പ്രവാസി ചിട്ടി ഇനി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേയും മലയാളികള്‍ക്ക് ചേരാം. യു.എ.ഇ. ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലുള്ളവര്‍ക്കു മാത്രമായിരുന്ന സൗകര്യം ഇപ്പോള്‍ സൗദി, ഖത്തര്‍, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മെയ് 17 നു തുടക്കമാകും.

കിഫ്ബി മസാല ബോണ്ടിനോടനുബന്ധിച്ചു ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചേില്‍ നടക്കുന്ന ചടങ്ങിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ധനമന്ത്രി തോമസ് ഐസക് പങ്കെടുക്കും.

യുഎഇയില്‍ ആരംഭിച്ച പ്രവാസിച്ചിട്ടി ഫെബ്രുവരി 27 മുതല്‍ കുവൈത്ത് ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. ചിട്ടി ആരംഭിച്ചപ്പോള്‍ത്തന്നെ ജിസിസി രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് റജിസ്‌ട്രേഷനു സൗകര്യം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സൗദി, ഖത്തര്‍, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളിലും ഇന്നു ചിട്ടി ആരംഭിക്കുകയാണ്.

പ്രവാസിച്ചിട്ടിയിലൂടെ 5 മാസം കൊണ്ട് 6.22 കോടി രൂപയുടെ നേട്ടം കൈവരിച്ചതായി കെ എസ് എഫ് ഇ അധികൃതര്‍ അറിയിച്ചു. 2018 നവംബര്‍ 23 ന് ലേലം ആരംഭിച്ച പ്രവാസിച്ചിട്ടിയില്‍ ചേരാന്‍ 24,185 പേര്‍ രജിസ്റ്റര്‍ ചെയ്യുകയും 16,189 പേര്‍ നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇതില്‍ 159 ചിട്ടികളിലായി 4869 പേര്‍ ചേര്‍ന്നു. 564 ചിട്ടിലേലങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.

ചിട്ടി അടവായി പ്രവാസികളില്‍ നിന്ന് 21.31 കോടി രൂപ സ്വരൂപിച്ചു. 191 കോടിരൂപയുടെ നിക്ഷേപം ചിട്ടി കാലാവധി കഴിയുമ്പോള്‍ പ്രതീക്ഷിക്കുന്നു. ചിട്ടി ലഭിക്കുന്നവര്‍ക്ക് തുക വേഗത്തില്‍ ലഭ്യമാക്കും. സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുമുണ്ട്.