കൊച്ചി 1 കാര്‍ഡ് ഇനി ബസ് യാത്രക്കാര്‍ക്കും

Posted on: March 5, 2019

കൊച്ചി : കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും ആക്‌സിസ് ബാങ്കും സംയുക്തമായി അവതരിപ്പിച്ച കൊച്ചി1 കാര്‍ഡ് കൊച്ചിയില്‍ ബസ് യാത്ര നടത്തുന്നവര്‍ക്കും ഉപയോഗിക്കാം. ഇപ്പോള്‍ 50 ബസുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഈ സേവനം നഗരത്തിലെ കൂടുതല്‍ ബസുകളിലേക്കു വ്യാപിപ്പിക്കും. നഗരത്തില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും ഈ കാര്‍ഡ്. ഇങ്ങനെ സേവനങ്ങള്‍ വിപുലമാക്കിയതോടെ പൊതു ഗതാഗതാവശ്യങ്ങള്‍ക്ക് വിവിധ സംവിധാനങ്ങളില്‍ ഉപയോഗിക്കാവുന്ന ഇന്ത്യയിലെ ആദ്യ ഓപണ്‍ ലൂപ് ഇ എം വി കാര്‍ഡ് ആയി കൊച്ചി1 മാറിയിരിക്കുകയാണ്.

പ്രാരംഭ ആനുകൂല്യമെന്ന നിലയില്‍ ബസ് യാത്രക്കാര്‍ക്ക് കൊച്ചി1 കാര്‍ഡ് ഫീസില്‍ ഒരു മാസത്തേക്ക് 100 ശതമാനം ഇളവാണ് ആക്‌സിസ് ബാങ്ക് നല്‍കുന്നത്. കാര്‍ഡ് ഉപയോഗം കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ബസ് ഓപറേറ്റര്‍മാര്‍ ടിക്കറ്റ് നിരക്കില്‍ അഞ്ചു ശതമാനം ഇളവും നല്‍കും. മെട്രോ യാത്രകള്‍ക്കുള്ള 20 ശതമാനം ഇളവിനും മെട്രോ ട്രിപ് പാസുകള്‍ക്കുള്ള 33 ശതമാനം ഇളവിനും പുറമേയാണിത്. കൊച്ചിയിലെ കച്ചവട സ്ഥാപനങ്ങള്‍ നല്‍കുന്ന വിവിധങ്ങളായ ഇളവുകളും യാത്രക്കാര്‍ക്കു നേടാനാവും.

യാത്രകള്‍ക്ക് പൊതുവായ കാര്‍ഡ് എന്ന കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായി കെ.എം.ആര്‍.എല്ലും ആക്‌സിസ് ബാങ്കും ചേര്‍ന്ന് 2017 ജൂണ്‍ ഒന്നിനാണ് വിവിധ ഗതാഗത സംവിധാനങ്ങള്‍ക്ക് സംയോജിത പണമടക്കല്‍ സൗകര്യം ലഭ്യമാക്കിക്കൊണ്ടുള്ള കൊച്ചി1 കാര്‍ഡ് പുറത്തിറക്കിയത്. യാത്രക്കാര്‍ക്ക് കറന്‍സി രഹിത പണം കൈമാറലും ടിക്കറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ ഈ രണ്ടു സ്ഥാപനങ്ങളും കൊച്ചിയില്‍ ആയിരത്തിലേറെ ബസുകള്‍ പ്രതിദിനം സര്‍വീസ് നടത്തുന്ന ഏഴു സ്വകാര്യ ബസ് ഓപറേറ്റര്‍മാരുമായി ഒത്തു ചേര്‍ന്നിരുന്നു.

കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്,പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ് എല്‍.എല്‍.പി.,കൊച്ചി വീല്‍സ് യുണൈറ്റഡ് എല്‍.എല്‍.പി,മൈ മെട്രോ എല്‍.എല്‍.പി,മുസരീസ് എല്‍ എല്‍ പി, പ്രതീക്ഷ ട്രാന്‍സ്‌പോര്‍ട്ട് ഓപറേറ്റേഴ്‌സ് ഒര്‍ഗനൈസേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് എല്‍ എല്‍ പി തുടങ്ങിയ സ്വകാര്യ ബസ് ഓപറേറ്റര്‍മാര്‍ സേവനം ലഭ്യമാക്കുന്നു.

ബസുകള്‍ എവിടെ എത്തി എന്നറിയാനും ടിക്കറ്റുകള്‍ വാങ്ങാനും കാര്‍ഡിലുള്ള ബാലന്‍സ് അറിയുവാനും, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ഡ് റീചാര്‍ജു ചെയ്യാനും മിനി സ്‌റ്റേറ്റ്‌മെന്റുകള്‍ നേടാനും ടൈം ടേബിള്‍ പരിശോധിക്കാനും നിരക്കുകള്‍ അറിയുവാനും കാര്‍ഡുകള്‍ ബ്ലോക്കു ചെയ്യുവാനുമെല്ലാം കൊച്ചി1 കാര്‍ഡ് ഉടമകള്‍ക്ക് കൊച്ചി1 ആപ്പ് പ്രയോജനപ്പെടുത്തുകയും ചെയ്യാം. നിലവില്‍ ആക്‌സിസ് ബാങ്കിന്റെ തെരഞ്ഞെടുത്ത ശാഖകളില്‍ നിന്ന് കൊച്ചി1 കാര്‍ഡ് വാങ്ങുവാനും റീചാര്‍ജ് ചെയ്യുവാനും സൗകര്യമുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ ഉടന്‍ തന്നെ ഇതു ലഭ്യമാക്കും.

കെ എം ആര്‍ എല്ലുമായി രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച സഹകരണം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും നഗരത്തിലെ പൊതു ഗതാഗതത്തിന്റെ സൗകര്യങ്ങളും ഗണ്യമായി മെച്ചപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്നതില്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്ന് ഈ അവസരത്തില്‍ സംസാരിച്ച ആക്‌സിസ് ബാങ്ക് കാര്‍ഡ്‌സ് ആന്റ് പെയ്‌മെന്റ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് & തലവന്‍, സഞ്ജീവ് മോഖെ പറഞ്ഞു.  ലോകോത്തര നിലവാരത്തിലുള്ള ഈ സേവനം കൊച്ചി നിവാസികള്‍ക്കു നല്‍കുന്നതിനായി കെ.എം.ആര്‍.എല്ലുമായും ബസ് ഓപറേറ്റര്‍മാരുമായും സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെട്രോ കാര്‍ഡിന്റെ വിപുലമായ ഉപയോഗത്തിന് ഈ പുതിയ സംവിധാനം സഹായകമാകുമെന്നും വിവിധ പൊതുഗതാഗത സംവിധാനങ്ങള്‍ സംയോജിപ്പിക്കുന്നതില്‍ ഇത് വന്‍ തോതില്‍ സഹായകമാകുമെന്നും കെ.എം.ആര്‍.എല്‍. മാനേജിംഗ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. കെ എം ആര്‍ എല്ലുമായി സഹകരിച്ച് ആക്‌സിസ് ബാങ്ക് അവതരിപ്പിച്ച ഈ മാതൃക രാജ്യത്തെ സമാന സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

TAGS: Axis Bank | KMRL | Kochi1 Card |