അസെന്‍ഡ് 2019: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: February 11, 2019

കൊച്ചി : കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാട്ട് ഹോട്ടലിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം രാവിലെ 9.50-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായിരിക്കും.

വ്യവസായ, വാണിജ്യ മേഖലകള്‍ക്ക് പ്രയോജനം ലഭിക്കാനായി ഭരണസംവിധാനത്തിലും ബിസിനസ് മേഖലയിലും സ്വീകരിച്ച എല്ലാ പരിഷ്‌കാര നടപടികളും അണിനിരത്തുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, നയകര്‍ത്താക്കള്‍, വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രത്യേക സെഷനുകള്‍, ബിസിനസ് അനായാസതയ്ക്കുള്ള മികച്ച നടപടികളുടെ അവതരണങ്ങള്‍ എന്നിവ അസെന്‍ഡിന്റെ ഭാഗമായിരിക്കും. കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സസ്(കെ-സ്വിഫ്റ്റ്), ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മന്റ് സിസ്റ്റം (ഐബിപിഎംഎസ്) എന്നിവയുടെ അവതരണമായിരിക്കും നടക്കുക. ഭരണപരവും നയപരവുമായ പരിഷ്‌കരണ നടപടികള്‍ സമാഹരിച്ച് തയാറാക്കിയ ഇന്‍വെസ്റ്റ് കേരള ഗൈഡ് മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തില്‍ പ്രകാശനം ചെയ്യും.

സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ച വ്യവസായ സൗഹൃദനയം ബിസിനസ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ഉന്നതതല ബിസിനസ് സമ്മേളനം എന്ന നിലയില്‍ അസെന്‍ഡ് 2019-ന് ഏറെ പ്രാധാന്യമുണ്ട്.

TAGS: ASCEND 2019 |