ഡോ. എന്‍ പി പി നമ്പൂതിരിയുടെ ജീവിതം മാതൃക : ഗവര്‍ണര്‍

Posted on: February 8, 2019

കൂത്താട്ടുകുളം : ആയുര്‍വേദ നേത്രചികിത്സയ്ക്കായി ജീവിതം ഉഴിഞ്ഞു വച്ച ഡോ. എന്‍ പി പി നമ്പൂതിരിയുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. ശ്രീധരീയം നേത്രാശുപത്രി സ്ഥാപകന്‍ ഡോ. എന്‍ പി പി യുടെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ആരംഭിച്ച ബാലനേത്രരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും അദേഹത്തിന്റെ പൂര്‍ണകായ പ്രതിമ ഉള്‍പ്പെടുന്ന സ്മൃതി മണ്ഡപത്തിന്റെ അനാവരണവും നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍.

ലോകാരോഗ്യ സംഘടനയുടെ വിഷന്‍ 2020ല്‍ കാഴ്ചയ്ക്കുള്ള അവകാശത്തെപ്പറ്റി എടുത്തു പറയുന്നതിനാല്‍ 1 ലക്ഷം കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്ന ബാലനേത്ര രക്ഷാപദ്ധതിയുടെ പ്രസക്തി വലുതാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. അനൂപ് ജേക്കബ് എം എല്‍ എ അധ്യക്ഷനായി. പ്രതിമയുടെ ശില്‍പികളായ ഷിബു ഒക്കല്‍, അനീഷ് പെരുമ്പാവൂര്‍ എന്നിവര്‍ക്ക് ഗവര്‍ണര്‍ ഉപഹാരം സമ്മാനിച്ചു.

നഗരസഭാ ഉപാധ്യക്ഷ ഓമന ബേബി, കൗണ്‍സിലര്‍ ഓമന മണിയന്‍, ശ്രീധരീയം ചെയര്‍മാന്‍ ഹരി എന്‍ നമ്പൂതിരി, ചീഫ് ഫിസിഷ്യന്‍ ഡോ. എന്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രി വളപ്പില്‍ ഗവര്‍ണര്‍ വൃക്ഷത്തൈ നട്ടു.

ബാലനേത്ര രക്ഷാപദ്ധതിയില്‍ ഉദ്ഘാടന ദിവസം 1200 കുട്ടികള്‍ക്ക് നേത്രപരിശോധന നടത്തി. 14 ജില്ലകളിലായി 11 മുതല്‍ 15 വയസ് വരെയുള്ള 1 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നേത്ര പരിശോധന, കണ്‍സള്‍ട്ടേഷന്‍, ചികിത്സ എന്നിവ ലഭ്യമാക്കുന്നതാണ് പദ്ധതി.

TAGS: Sreedhareeyam |