ഓട്ടോമേഷന്റെ സാധ്യതകളും ഭീഷണികളും തിരിച്ചറിയണം : ഡോ. പോള്‍ ജുറാസ്

Posted on: February 7, 2019

കൊച്ചി : ഫലപ്രദമായ ഓട്ടോമേഷന്‍ വിന്യാസത്തെപ്പറ്റി ബോധ്യമുണ്ടെങ്കിലേ ഭാവികാലത്തെ മാനേജര്‍മാര്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന് യുഎസിലെ ബാബ്‌സണ്‍ കോളജിലെ മാനേജ്‌മെന്റ് അക്കൗണ്ടിംഗ് പ്രൊഫസറും റീജന്റ്‌സ് ആന്‍ഡ് വാന്‍ഡര്‍ വേക് ഐസിഎംഎ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. പോള്‍ ജുറാസ്. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) ഭാവി മാനേജര്‍മാരെ ഓട്ടോമേഷന്‍ എങ്ങനെ നയിക്കും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓട്ടോമേഷന്‍ ഇനിയുള്ള കാലത്ത് അവഗണിക്കാനേ കഴിയില്ല. ആ സാഹചര്യത്തില്‍ മാനെജ്‌മെന്റ് പ്രോഷണലുകള്‍ അതിന്റെ ഭീഷണികള്‍ തിരിച്ചറിയുകയും സ്വയം സജ്ജരാകുകയും വേണം. മനുഷ്യവിഭവശേഷിക്കു വലിയ വെല്ലുവിളിയാണ് ഓട്ടോമേഷന്‍ സൃഷ്ടിക്കുന്നത്. ഇന്നത്തെ ഡിജിറ്റല്‍ കാലഘട്ടത്തില്‍ അനലിറ്റിക് തിങ്കിംഗ്, സോഷ്യല്‍ മീഡിയ സാന്നിധ്യം, തുടര്‍ വിദ്യാഭ്യാസം, മ്യൂച്വല്‍ ഇന്‍ക്ലൂഷന്‍, ലെറ്റര്‍ റൈറ്റിംഗ്, സ്‌കില്‍, ആശയവിനിമയത്തിലെ മികവ് തുടങ്ങിയവ അതിജീവനത്തിന്റെ പ്രധാനഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ഓട്ടോമേഷന്‍ നടപ്പാക്കുന്നതിലൂടെ 2030 ഓടെ 375 ദശലക്ഷം ജീവനക്കാര്‍ ഒഴിവാക്കപ്പെടുമെന്നാണു നവംബറില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജനറല്‍ അക്കൗണ്ടിംഗ് ഓപ്പറേഷനുകള്‍, പണം വിതരണം തുടങ്ങിയ മേഖലകളാണ് ഓട്ടോമേഷനിലേക്കു മാറാന്‍ സാധ്യതയേറെ. ബാഹ്യ ബന്ധങ്ങള്‍ സൂക്ഷിക്കല്‍, ബിസിനസ് വിപുലീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രൊഫഷനുകളില്‍ വളരെ കുറവ് ഓട്ടോമേഷനേ വരാനിടയുള്ളൂ. അതായത്, നിര്‍ണായക ചിന്തകളും തീരുമാനങ്ങളെടുക്കലും മനുഷ്യന്‍ തന്നെ ചെയ്യേണ്ടിവരുമെന്ന് ഡോ. പോള്‍ ചൂണ്ടിക്കാട്ടി.

സ്ട്രാറ്റജി ആന്‍ഡ് ബിസനസ് മോഡല്‍, ടെക്‌നോളജി ആന്‍ഡ് പിനാന്‍സ്, റിസ്‌ക് മാനേജ്‌മെന്റ് എന്നിവയെല്ലാം കൂടിച്ചേര്‍ന്ന ഇന്‍ഡസ്ട്രി 4.0 എന്ന നൂതന ആശയത്തെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. സ്ഥാപനം എത്ര ചെറുതായാലും വലുതായാലും ഏതെങ്കിലുമൊക്കെ തരത്തിലുള്ള ഓട്ടോമേഷന്‍ നടപ്പാക്കാതെ പറ്റില്ല. അതുണ്ടായില്ലെങ്കില്‍ സാങ്കേതിക വിദ്യാവളര്‍ച്ചയുടെ കൊടുങ്കാറ്റില്‍ അവര്‍ ഒറ്റപ്പെട്ടുപോകും- ഡോ. പോള്‍ മുന്നറിയിപ്പു നല്‍കി. കെഎംഎ വൈസ് പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് കമ്മിറ്റിയംഗം ദീപക് എല്‍. അസ്വാനി സ്വാഗതവും കെഎംഎ സെക്രട്ടറി വി. ജോര്‍ജ് ആന്റണി നന്ദിയും പറഞ്ഞു.