കൊച്ചിന്‍ പോര്‍ട്ടിന് മികച്ച നേട്ടം

Posted on: February 5, 2019

കൊച്ചി : കൊച്ചിന്‍ പോര്‍ട്ട് ചരക്കുനീക്കത്തില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചു. ജനുവരിയില്‍ 2.857 എം.എം.ടി (മില്യണ്‍ മെട്രിക് ടണ്‍) ചരക്കാണ് ഇവിടെ കൈകാര്യം ചെയ്തത്. കഴിഞ്ഞ ജനുവരിയിലെ നേട്ടത്തെയാണ് ഇപ്പോള്‍ മറികടന്നിട്ടുള്ളത്.

നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി വരെയുള്ള കാലയളവില്‍ 26.148 എം.എം.ടി ചരക്ക് കൈകാര്യം ചെയ്ത തുറമുഖം മുന്‍ വര്‍ഷത്തെക്കാള്‍ എട്ടു ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. മികച്ച നേട്ടത്തിന് ഏറ്റവും പിന്‍ബലം നല്‍കിയത് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രകടനമാണ്.

ടെര്‍മിനലും 55,953 കണ്ടെയ്‌നറുകളെന്ന മികച്ച നിലയാണ് ജനുവരിയില്‍ കൈവരിച്ചത്. തുറമുഖത്തിന്റെ കണ്ടെയ്‌നര്‍ ഫ്രെയറ്റ് സ്റ്റേഷന്‍ 391 എണ്ണമാണ് ഇക്കാലയളവില്‍ കൈകാര്യ ചെയ്തത്. കൊച്ചിയിലെത്തിയ അന്താരാഷ്ട്ര ആഡംബരക്കപ്പലുകളുടെ എണ്ണത്തിലും ജനുവരിയില്‍ നേട്ടമുണ്ടാക്കാനായി. ഒറ്റ മാസത്തിനുള്ളില്‍ എട്ട് ക്രൂയിസ് കപ്പലുകളാണ് ഇവിടെ എത്തിയത്.