കേരളത്തിന് 1.46 ലക്ഷം കോടി രൂപ വായ്പ നല്‍കാനാവുമെന്ന് നബാര്‍ഡ്

Posted on: January 30, 2019

തിരുവനന്തപുരം : കേരളത്തിന് അടുത്ത സാമ്പത്തിക വര്‍ഷം 1.46 ലക്ഷം കോടി രൂപ വായ്പ നല്‍കാനാകുമെന്ന് നബാര്‍ഡ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏഴു ശതമാനം കൂടുതലാണിത്. ഇതില്‍ 69,303.34 കോടി രൂപ കാര്‍ഷിക മേഖലയില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ആകെ വായ്പാസാധ്യതയില്‍ 28 ശതമാനമായ 41,091.07 കോടി രൂപ സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭങ്ങള്‍ക്ക് നല്‍കാനാവുമെന്നും നബാര്‍ഡ് കണക്കാക്കുന്നു. ബാങ്കിന്റെ വായ്പാ സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തിന് കാര്‍ഷിക മേഖലയില്‍ കാലാനുസൃതമായ പുരോഗതി നേടാന്‍ നബാര്‍ഡിന്റെ ഫലപ്രദമായ ഇടപെടലും സഹായവും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക കൃഷിരീതികള്‍ വേണ്ടത്ര സ്വായത്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല.

ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ശാസ്ത്രീയമായി കാര്‍ഷിക രംഗം അഭിവൃദ്ധിപ്പെടാന്‍ ഫലപ്രദമായ ഇടപെടലുകള്‍ വേണമെന്നും അദേഹം പറഞ്ഞു. മന്ത്രി വി എസ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി കെ രാമചന്ദ്രന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീജണല്‍ ഡയറക്ടര്‍ എസ് എം എല്‍ സ്വാമി, എസ് എല്‍ ബി സി കണ്‍വീനര്‍ ജി കെ മായ, നബാര്‍ഡ് ജനറല്‍ മാനേജര്‍ ഡോ. ഗോപകുമാരന്‍ നായര്‍, സി ജി എം ആര്‍, ശ്രീനിവാസന്‍. ജനറല്‍ മാനേജര്‍ കെ എസ് എം ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

TAGS: Nabard |