അസെന്‍ഡ് 2019 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: January 24, 2019

തിരുവനന്തപുരം : കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11ന് കൊച്ചിയില്‍ നടക്കുന്ന അസെന്‍ഡ് 2019 മുഖ്യമന്ത്രി പ്രിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായിരിക്കും.

സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ച വ്യവസായ സൗഹൃദനയം ബിസിനസ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനാണ് സമ്മേളനം ഊന്നല്‍ നല്‍കുന്നതെന്ന് അസെന്‍ഡ് 2019 ന്റെ ലോഗോ പ്രകാശനവും വെബ്‌സൈറ്റിന്റേയും സമൂഹ മാധ്യമ പ്രചാരത്തിന്റേയും ഉദ്ഘാടനവും നിര്‍വ്വഹിച്ച് വ്യവസായ, കായിക, യുവജനകാര്യ മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു.

വ്യവസായ, വാണിജ്യ മേഖലകള്‍ക്ക് പ്രയോജനം ലഭിക്കാനായി ഭരണസംവിധാനത്തിലും ബിസിനസ് അന്തരീക്ഷത്തിലും സ്വീകരിച്ചതുമായ എല്ലാ പരിഷ്‌കാര നടപടികളും അണിനിരത്തുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, നയകര്‍ത്താക്കള്‍, വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രത്യേക സെഷനുകള്‍, ബിസിനസ് അനായാസതയ്ക്കുള്ള മികച്ച നടപടികളുടെ അവതരണങ്ങള്‍ എന്നിവ അസെന്‍ഡിന്റെ ഭാഗമായിരിക്കും. മറ്റു സംസ്ഥാനങ്ങളിലെ അനുകരണമായ മാതൃകകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതിനായി കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സസ്(കെ-സ്വിഫ്റ്റ്), ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മന്റ് സിസ്റ്റം (ഐബിപിഎംഎസ്) എന്നിവയുടെ അവതരണമായിരിക്കും നടക്കുക

ഇതിനായി 2018ലെ കേരള ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്ട് മുഖേന ഏഴോളം നിയമങ്ങള്‍ ഭേദഗതി ചെയ്തു. ഇതിന്റെ ചുവടുപിടിച്ച് വിവിധ വകുപ്പുകള്‍ അവരെ സംബന്ധിക്കുന്ന ചട്ടങ്ങളും പരിഷ്‌കരിച്ചു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള സംയുക്ത പരിശോധനാ രീതി, സ്പോട്ട് രജിസ്ട്രേഷന്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള സമയബന്ധിതമായ അനുമതികള്‍ നല്‍കുന്നത്, സ്വയം സാക്ഷ്യപ്പെടുത്തല്‍, ഡീംഡ് അപ്രൂവല്‍, വൈദ്യൂതി കണക്ഷന്‍, ട്രേഡ് ലൈസന്‍സ് എന്നിവ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തിന്റെ അനുകൂലഘടകങ്ങള്‍.

ഇതിനു പുറമേ, വ്യവസായ വാണിജ്യ വകുപ്പ് സംരംഭകര്‍ക്കായി ഓണ്‍ലൈന്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 14 വകുപ്പുകളുടെയും ഏജന്‍സികളുടേയും സേവനം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സൗകര്യവുമുണ്ട്. സംസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷത്തില്‍ പ്രധാന നാഴികക്കല്ലായിരിക്കും ഇപ്പോള്‍ നടത്തിയ പരിഷ്‌കാരങ്ങള്‍. നിക്ഷേപകര്‍ക്ക് അനുകൂലമായ വ്യവസായ നയവും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. വ്യവസായഭൂമിയുടെ പാട്ടക്കരാറിനായി നയം ആവിഷ്‌കരിച്ചുവരുന്നതായി മന്ത്രി അറിയിച്ചു.

TAGS: ASCEND 2019 |