എഡ്ഗാർ മോറിസിന് ജപ്പാൻ ബഹുമതി സമ്മാനിച്ചു

Posted on: January 19, 2019

കൊച്ചി : ജപ്പാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും വളർത്താനും ഇരു ജനതയ്ക്കുമിടയിലുള്ള സൗഹൃദം കൂടുതൽ ഊഷ്മളമാക്കാനും നടത്തിയ ശ്രമങ്ങൾക്ക് അലുംമ്‌നി സൊസൈറ്റി ഓഫ് എഒടിഎസ് (എഎസ്എ കേരള) രക്ഷാധികാരി എഡ്ഗാർ മോറിസിന് ജപ്പാന്റെ സിവിലിയൻ ബഹുമതി സമ്മാനിച്ചു.

ദി ഓർഡർ ഓഫ് ദി റൈസിങ് സൺ, ഗോൾഡ് ആൻഡ് സിൽവർ റേയ്സ് വിത്ത് ദി എംപറേഴ്സ് മെഡൽ ഓഫ് ഓണർ എന്ന പുരസ്‌കാരം ഒരു വിദേശ പൗരന് ജപ്പാൻ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നാണ്.  കളമശേരി കിൻഫ്ര ഹൈ-ടെക് പാർക്കിലെ നിപ്പോൺ കേരള സെന്ററിൽ നടന്ന ചടങ്ങിൽ ചെന്നൈയിലെ ജപ്പാൻ കോൺസൽ ജനറൽ കോജിറോ ഉച്ചിയാമയാണു പുരസ്‌കാരം സമ്മാനിച്ചത്. മൂന്ന് ഇന്ത്യക്കാർക്ക് മാത്രമാണ് ഒരു കൊല്ലത്തിനിടെ ഈ പുരസ്‌കാരം ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജസ്റ്റീസ് സുനിൽ തോമസ് മുഖ്യാതിഥിയായിരുന്നു. ജസ്റ്റീസ് കെ. കെ. ഉഷ, ജസ്റ്റീസ് കെ. സുകുമാരൻ, വ്യവസായ വകുപ്പ് മുൻ സെക്രട്ടറി ടി. ബാലകൃഷ്ണൻ, കെ.വി. പൗലോസ്, എഎസ്എ കേരള പ്രസിഡന്റ് ഇ.വി. ജോൺ എന്നിവർ അനുമോദനങ്ങൾ നേർന്നു.

മലയാളികൾക്കിടയിൽ ജാപ്പനീസ് പ്രൊഡക്ഷൻ മാനേജ്മെന്റ് ടെക്നിക്കുകൾ, ജപ്പാനിലെ തൊഴിൽ സംസ്‌കാരം, സാമൂഹ്യ സംസ്‌കാരം, ഭാഷ തുടങ്ങിയവ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടു സ്ഥാപിച്ച എഎസ്എ കേരളയുടെ പ്രസിഡന്റ്, ചെയർമാൻ, രക്ഷാധികാരി തുടങ്ങിയ നിലകളിൽ എഡ്ഗാർ മോറിസ് നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി അദേഹത്തിനു നൽകിയതെന്ന് എഎസ്എ കേരള പ്രസിഡന്റ് ഇ.വി. ജോൺ അറിയിച്ചു.