ശിശുമരണ നിരക്കില്‍ കേരളം മാതൃക : ഡോ വി പി ഗോസ്വാമി

Posted on: January 14, 2019

കൊച്ചി : കുറഞ്ഞ ശിശുമരണ നിരക്കുള്ള കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് എന്‍ എന്‍ എഫ് ദേശീയ പ്രസിഡന്റ് ഡോ. വി പി ഗോസ്വാമി പറഞ്ഞു. നവജാത ശിശുരോഗ വിദഗ്ദരുടെ സംഘടനയായ നാഷണല്‍ നിയോനേറ്റോളജി ഫോറം കേരള ചാപ്റ്ററിന്റെ സില്‍വര്‍ ജൂബിലി സമ്മേളനമായ കേരള നിയോകോണ്‍ 2019 കൊച്ചി ഐ എം എ ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ശിശുമരണ നിരക്ക് രാജ്യത്ത് പലയിടങ്ങളിലും കൂടുതലാണെങ്കിലും ശ്രമിച്ചാല്‍ നിരക്ക് കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടര്‍ ഓഫ് സയന്‍സ് (ഡി.എസ്.സി) ബിരുദം കൂടി കരസ്ഥമാക്കിയ മുന്‍ എന്‍ എന്‍ എഫ്, ഐ എ പി പ്രസിഡന്റും, കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ പ്രഫ.ഡോ.എം കെ സി നായരെ ആദരിച്ചു. ഐ എ പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡോ.ആര്‍ രമേഷ് കുമാര്‍ സമ്മേളന സുവനീര്‍ പ്രകാശനം ചെയ്തു. ഡോക്ടര്‍മാരായ ടി വി രവി, എ കെ ജയചന്ദ്രന്‍, എം കെ സന്തോഷ്, രവീന്ദ്ര വര്‍മ, വി സി മനോജ്, എസ് എസ് കമ്മത്ത്, മുഹമ്മദ് ഇസ്മായില്‍, ജുനൈദ് റഹ്മാന്‍, വി എഫ് ജോണി, റോഹിന്‍ അബ്രഹാം, റോജോ ജോയ് എന്നിവര്‍ സംസാരിച്ചു.

നിയോകോണിനോടനുബന്ധിച്ച് നവജാത ശിശുപരിപാലനത്തിന്റെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള ശില്‍പശാലകള്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ആസ്റ്റര്‍ മെഡിസിറ്റി, ലൂര്‍ദ്ദ് ആശുപത്രി, ലക്ഷ്മി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നടന്നു. നവജാത ശിശു ചികിത്സാ രംഗത്തുള്ള നൂതന പ്രവണതകളെയും, പുതിയ കണ്ടുപിടുത്തങ്ങളെയും കുറിച്ച് ചര്‍ച്ചകളും, പോസ്റ്റര്‍ പ്രസന്റേഷനുകളും, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധ അവതരണങ്ങളും, ക്വിസ് പ്രോഗ്രാമുകളും നടത്തി.

TAGS: Neocon | Neonatology |