അതിശൈത്യം : തോട്ടം മേഖലയ്ക്ക് കോടികളുടെ നഷ്ടം

Posted on: January 10, 2019

കൊച്ചി : അതിശൈത്യവും മഞ്ഞുവീഴ്ചയും മൂലം തേയിലതോട്ടം മേഖലയ്ക്ക് കനത്ത നഷ്ടം. ഈ മാസം ഒന്നു മുതല്‍ മൂന്നാറില്‍ തുടര്‍ച്ചയായി 8 ദിവസം താപനില പൂജ്യത്തിനും താഴെ ആയതോടെ തേയിലക്കമ്പനികള്‍ക്കു കോടികളുടെ നഷ്ടമാണ് ഉണ്ടായത്.

മഞ്ഞുവീഴ്ചയാണു തേയിലച്ചെടികളെ പ്രതികൂലമായി ബാധിക്കുന്നത്. ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളില്‍ രാവിലെ വെയിലടിക്കുന്നതോടെ കൊളുന്ത് ഇലകള്‍ ഒറ്റ ദിവസം കൊണ്ടു കരിഞ്ഞുണങ്ങും.

മൈനസ് 4 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടെ താപനില താഴുന്നത്. ഒരാഴ്ചക്കിടെ 870 ഹെക്ടറിലെ തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങിയതായി കണ്ണന്‍ ദേവന്‍ കമ്പനി പ്രതിനിധികള്‍ പറഞ്ഞു.