കേരള നിയോകോൺ 2019 നാളെ മുതൽ

Posted on: January 9, 2019

കൊച്ചി : നവജാത ശിശുരോഗ വിദഗ്ദരുടെ സംഘടനയായ നാഷണൽ നിയോനേറ്റോളജി ഫോറം കേരള ചാപ്റ്ററിന്റെ സിൽവർ ജൂബിലി സമ്മേളനം കേരള നിയോകോൺ ജനുവരി 11 മുതൽ 13 വരെ കൊച്ചി ഐ.എം.എ ഹൗസിൽ നടക്കും. ഹെൽത്തി ബേബി, ബ്രൈറ്റർ ടുമോറോ എന്ന ആശയത്തിലൂന്നിയ സമ്മേളനം നാഷണൽ നിയോനേറ്റോളജി ഫോറം (എൻ.എൻ.എഫ്) എറണാകുളം ജില്ലാ ശാഖയും, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കൊച്ചി ശാഖയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

കേരള നിയോകോൺ 2019 ന്റെ ഉദ്ഘാടനം രണ്ടാം ദിവസമായ 12 ന് എൻ.എൻ.എഫ് അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി.പി. ഗോസ്വാമി നിർവ്വഹിക്കും. ചടങ്ങിൽ കേരള സർവ്വകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്.സി) എന്ന ബിരുദംകൂടി കരസ്ഥമാക്കിയ മുൻ എൻ.എൻ.എഫ്, ഐ.എ.പി പ്രസിഡന്റും, കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറുമായ പ്രഫ.ഡോ.എം.കെ.സി. നായരെ ആദരിക്കും. ഐ.എ.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ.രമേഷ് കുമാർ സമ്മേളന സുവനീർ പ്രകാശനം ചെയ്യും. തെക്കേ ഇന്ത്യയിലെ 400-ൽ പരം നവജാത ശിശുരോഗ വിദഗ്ദർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും, വിദേശത്തുനിന്നുമുള്ള വിദഗ്ദർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ആദ്യ ദിനമായ നാളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നവജാത ശിശുക്കൾക്കായി കേന്ദ്ര സർക്കാർ അംഗീകൃത നിയോനേറ്റൽ റിസസിറ്റേഷൻ പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ള ശിൽപശാല നടക്കും. 12 ന് നവജാത ശിശുപരിപാലനത്തിന്റെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള ശിൽപശാലകൾ രാവിലെ 8മുതൽ 12 വരെ എറണാകുളം മെഡിക്കൽ സെന്റർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ആസ്റ്റർ മെഡിസിറ്റി, ലൂർദ്ദ് ആശുപത്രി, ലക്ഷ്മി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നടക്കും. നവജാത ശിശു ചികിത്സാ രംഗത്തുള്ള നൂതന പ്രവണതകളെയും, പുതിയ കണ്ടുപിടുത്തങ്ങളെയും കുറിച്ച് ചർച്ചകളും, പോസ്റ്റർ പ്രസന്റേഷനുകളും, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി പ്രബന്ധ അവതരണങ്ങളും, ക്വിസ് പ്രോഗ്രാമുകളും ഉണ്ടാകും.

സമ്മേളനത്തിൽ നവജാത ശിശുമരണ നിരക്ക് കുറയ്ക്കുവാനുള്ള നൂതനമായ ആശയങ്ങൾ ഉരുത്തിരിയുമെന്ന് പ്രത്യാശിക്കുന്നതായി ഓർഗനൈസിംഗ് ചെയർമാൻ ഡോ. ടി.വി.രവി, സെക്രട്ടറി ഡോ.ജോണി വി.എഫ്, സയന്റിഫിക് കമ്മറ്റി ചെയർമാൻ ഡോ.റോജോ ജോയി എന്നിവർ പറഞ്ഞു. സമ്മേളനം ഞായറാഴ്ച്ച സമാപിക്കും.

TAGS: Kerala Neocon |