വൈ മാൾ നാടിന് സമർപ്പിച്ചു ; ലാഭം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്

Posted on: December 30, 2018

തൃപ്രയാർ : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ജന്മനാട്ടിൽ 250 കോടി രൂപ മുതൽമുടക്കി നിർമ്മിച്ച വൈ മാൾ നാടിന് സമർപ്പിച്ചു. യുസഫലിയുടെ പേരക്കുട്ടി അയാൻ അലി നാടമുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.

തൃപ്രയാർ സെന്ററിൽ രണ്ടര ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിച്ചിട്ടുള്ള വൈ മാളും മാൾ സ്ഥിതി ചെയ്യുന്ന നാലര ഏക്കർ സ്ഥലവും വൈ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈമാറുകയാണെന്നു ചടങ്ങിൽ എം എ യൂസഫലി പ്രഖ്യാപിച്ചു.

വൈ മാളിന്റെ ഉടമസ്ഥത വൈ ഫൗണ്ടേഷനായിരിക്കും. വൈ മാളിൽ നിന്നുള്ള ലാഭം ഫൗണ്ടേഷന്റെ കീഴിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും. നാട്ടികയിൽ നിർമാണം പൂർത്തിയാകുന്ന നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതിക്ഷേത്രം, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തൃപ്രയാർ സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലേക്ക് എല്ലാ വർഷവും ഇതിൽ നിന്നുള്ള ലാഭം നൽകും.

നാട്ടിക ജുമാ മസ്ജിദിനു 10 ലക്ഷം, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് അഞ്ച് ലക്ഷം, ആരിക്കിരി ഭഗവതിക്ഷേത്രത്തിന് രണ്ട് ലക്ഷം, സെന്റ് ജൂഡ് പള്ളിക്ക് രണ്ട് ലക്ഷം എന്നിങ്ങനെയാണ് എല്ലാ വർഷവും സഹായം നൽകുക. വൈ ഫൗണ്ടേഷൻ നൽകുന്ന മറ്റു സഹായങ്ങൾക്കു പുറമെയാണിതെന്നും യൂസഫലി അറിയിച്ചു.

തൃപ്രയാറിലും സമീപപ്രദേശങ്ങളിലുമുള്ള എല്ലാവർക്കും സമാനതകളില്ലാത്ത ഷോപ്പിംഗ്, ഡൈനിംഗ്, എന്റർടെയ്ൻമെന്റ് അനുഭവങ്ങൾ വൈ മാൾ പകർന്നു നൽകും. എറണാകുളം, കോഴിക്കോട്, തൃശൂർ തുടങ്ങി എല്ലാ പ്രമുഖ നഗരങ്ങളിൽ നിന്നും ഏറെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ദൂരത്തിലാണ് വൈ മാൾ.

വൈ മാളിന്റെ മുഖ്യ ആകർഷണമായ ലുലു എക്‌സ്പ്രസ് ഫ്രെഷ് മാർക്കിറ്റിൽ ഭക്ഷണസാമഗ്രികൾ, പലചരക്ക്, റെഡി ടു ഈറ്റ് ഫുഡ്, മൊബൈൽ, ഇലക് ട്രോണിക്‌സ്, ഹോം ഡെക്കർ തുടങ്ങി ഏതൊരാൾക്കും ആവശ്യമുള്ളതെന്തും ലഭ്യമാകും. വിവിധ വിഭാഗങ്ങളിലായി 40 ലേറെ പ്രമുഖ അന്താരാഷ്ട്ര, ദേശീയ, കേരള ബ്രാൻഡുകൾ വൈ മാൾ സന്ദർശിക്കുന്ന കസ്റ്റമേഴ്‌സിന്റെ എല്ലാ ആവശ്യങ്ങളും പൂർത്തീകരിക്കും.

കഫേ കോഫീ ഡേ, ഗ്രൗണ്ട് ഫ്‌ളോറിലും ചെന്നൈ ആനന്ദഭവൻ സെക്കൻഡ് ഫ്‌ളോറിലും പ്രവർത്തിക്കുന്നു. 225 സീറ്റുകളുള്ള ഫുഡ്‌കോർട്ടിൽ വ്യത്യസ്തങ്ങളായ രുചികൾ അവതരിപ്പിക്കുന്ന ഒട്ടേറെ ഔട്ട്‌ലെറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ചൈനീസ് നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, ബർഗറുകൾ, ഫ്രൈകൾ, അറബിക്, ജ്യൂസ്, ഐസ്‌ക്രീം തുടങ്ങിയ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഇവിടെ ആസ്വദിക്കാം.

തേർഡ് ഫ്‌ളോറിന്റെ പകുതിയോളം വരുന്ന എന്റർടെയ്ൻമെന്റ് സോണായ സ്പാർക്കീസാണ് മറ്റൊരു മുഖ്യ ആകർഷണം. വീഡിയോ ഗെയിംസ്, ബംപ് എ കാർ, കറോസൽ റൈഡ്, സോഫ്റ്റ് പ്ലേ ഏരിയ തുടങ്ങി കുട്ടികളെ രസിപ്പിക്കുന്ന നിരവധി റൈഡുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബേസ്‌മെന്റിലെ പാർക്കിംഗിന് പുറമെ 800 ൽപ്പരം വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന ഓപ്പൺ പാർക്കിംഗ് ഏരിയയയും വൈ മാളിന്റെ ഭാഗമാണ്.

പ്രാർത്ഥനാ മുറി, ഫീഡിംഗ് റൂം, അംഗപരിമിതർക്കായുള്ള പ്രത്യേക പാർക്കിംഗ്, വാഷ് റൂം, ഗർഭിണികൾക്കായുള്ള പ്രത്യേക പാർക്കിംഗ്, ബാഗ്, കുട, ഹെൽമറ്റ് തുടങ്ങിയവ സൂക്ഷിക്കാനുള്ള സൗകര്യം, ആംബുലൻസ്, എടിഎം, മണി എക്‌സ്‌ചേഞ്ച് തുടങ്ങിയ എല്ലാ സൗകര്യങ്ങളും വൈ മാളിലുണ്ട്.